Vikram; The super star who fight against fate

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം പിന്നിട്ടത് കനല്‍ താണ്ടിയ വഴികള്‍.

കോളേജ് പഠനകാലത്ത് ബൈക്കപകടത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം വരെ കിടന്ന ഒരേ കിടപ്പില്‍ നിന്ന് എണീറ്റതും ജീവിതത്തില്‍ പൊരുതി മുന്നേറിയതും മനസ്സിന്റെ ചങ്കുറപ്പ് ഒന്നുകൊണ്ട് മാത്രമാണ്.

ജീവിതത്തില്‍ ഇനിയൊരിക്കലും നടക്കാനാകില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെയാണ് വിക്രം മാറ്റി മറിച്ചത്.

‘സേതു മുതല്‍ ഐ’ വരെയുള്ള സാഹസിക ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുന്ന ഈ അതുല്യനടന് പുതുമയോടെയല്ലാതെ ഒരു സിനിമ ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ ഓണക്കാലത്ത് മലയാളികളെ വിസ്മയിപ്പിക്കാന്‍ ‘ഇരുമുഖ’മായാണ് വിക്രമെത്തുന്നത്.

ഇതിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. റോ ഏജന്റായാണ് ചിയാന്‍ വിക്രത്തിന്റെ ഇരുമുഖനിലെ അവതാരം.

ജയിംസ് ബോണ്ട് ശൈലിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മലേഷ്യ,തായ്‌ലന്റ്, കാശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

കാശ്മീരിലെ കൊടും തണുപ്പിലും ചെന്നൈയിലെ കൊടും ചൂടിലും സാഹസിക സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു വിക്രത്തിന്റെ അഭിനയം.

നയന്‍താരയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

പ്രമുഖ സംവിധായകന്‍ എ.ആര്‍ മുരുകദാസിന്റെ അസിസ്റ്റന്റായിരുന്ന ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ ചലച്ചിത്ര ലോകം വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാണുന്നത്.

കരിയറിലെ ആദ്യ പത്ത് വര്‍ഷം ആരുമറിയാതെ ഇരുട്ടിന്റെ നിഴലിലായിരുന്ന വിക്രത്തിന് ബ്രേക്ക് നല്‍കിയ ‘സേതു’ പോലും വിതരണത്തിനെടുക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു.

അവിടെ നിന്നാണ് പൊരുതിക്കയറി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിക്രം വെന്നിക്കൊടി നാട്ടിയത്.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറുമായുള്ള കൂട്ടുകെട്ടില്‍ അന്യന്‍, ഐ പോലുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ പുറത്തിറങ്ങിയത് ഈ താരത്തിന്റെ താരമൂല്യം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

ഇളയദളപതി വിജയ്‌യുടെ അടുത്ത സുഹൃത്ത് കൂടിയായ വിക്രത്തിന്റെ ഭാര്യ മലയാളിയാണ്. തലശ്ശേരി സ്വദേശിനി ശൈലജ ബാലകൃഷ്ണന്‍.

Top