കമല്‍ ഹാസന്‍ വീണ്ടും ക്യാമറക്ക് മുന്നില്‍; ‘വിക്രം’ ഷൂട്ടിങ് തുടങ്ങി

മല്‍ ഹാസന്‍- ഫഹദ് ഫാസില്‍- വിജയ് സേതുപതി… ഇന്ത്യന്‍ സിനിമയിലെ അഭിനയകുലപതികള്‍ ഒന്നിക്കുന്ന തമിഴ് ചിത്രം വിക്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന പൂജ ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജും കാമറാമാന്‍ ഗിരീഷ് ഗംഗാധരനും ആക്ഷന്‍ കൊറിയോഗ്രാഫേഴ്സായ അന്‍പറിവ് മാസ്റ്റേഴ്സും ഒപ്പം കമല്‍ ഹാസന്‍, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

പൂജ ചടങ്ങിന്റെ വീഡിയോ കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവച്ചു. സിനിമയുടെ ആദ്യ ദിവസം തനിക്ക് ഒരു ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് അനുഭവപ്പെട്ടതെന്നും കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് സിനിമ ഷൂട്ടില്‍ നിന്നും ഇത്ര വലിയ ഇടവേള എടുക്കുന്നതെന്നും ഉലകനായകന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയില്ലാതെ ഇതുപോല ഒരുപാട് ചലച്ചിത്രപ്രവര്‍ത്തകരുണ്ടെന്നും നടന്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.വിക്രത്തിന്റെ ഹിറ്റ് ടീസറില്‍ കാണിച്ച ഗംഭീര മാസ് ഡയലോഗ് പോലെ പൂജാ വീഡിയോയിലും ‘ആരംഭിക്കലാമാ’ എന്ന കമലിന്റെ ശബ്ദം കേള്‍ക്കാം. ‘ആരംഭിച്ചിട്ടോം’ എന്നെഴുതി ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും പങ്കുവച്ചിട്ടുണ്ട്. ഫഹദ് ഫാസിലും ഉടന്‍ തന്നെ ചിത്രത്തിന്റെ ഭാഗമാകും.

വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം പുതിയ ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. ഒറ്റ ഷെഡ്യൂളില്‍ തന്നെ വിക്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സര്‍വ്വകലാ വല്ലഭന്‍ കമല്‍ ഹാസനും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിനും പുറമെ നടന്‍ നരേനും വിക്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സംവിധായകന്റെ കൈതിയിലും നരേന്‍ ചെയ്ത പൊലീസ് വേഷം ശ്രദ്ധ നേടിയിരുന്നു.

ഫഹദിനും നരേനും പുറമെ സിനിമയുടെ കാമറക്ക് പിന്നിലും മലയാള സാന്നിധ്യമുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ജല്ലിക്കട്ട്, ജിന്ന് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗിരീഷ് ഗംഗാധരനാണ് വിക്രത്തിന്റെ ഫ്രെയിമുകള്‍ തയ്യാറാക്കുന്നത്.കൂടാതെ, ദേശീയ അവാര്‍ഡ് ജേതാക്കളും കെജിഎഫ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരുമായ അന്‍പുമണി, അറിവുമണി എന്ന അന്‍പറിവ് മാസ്റ്റേഴ്സാണ് കമല്‍ ഹാസന്‍ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

 

Top