വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെന്ന് നാസ

വാഷിങ്ടണ്‍: ചന്ദ്രയാന്‍ – 2 ദൗത്യത്തിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്നതു സംബന്ധിച്ച കൃത്യമായ സ്ഥാനം കണ്ടെത്താനായിട്ടില്ല- നാസ വ്യക്തമാക്കി.

ഒരു ചന്ദ്രപ്പകല്‍, അതായത് 14 ദിവസം മാത്രമാണ് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്രൊയ്ക്ക് മുന്നിലുണ്ടായിരുന്നത്. ആ സമയമാകട്ടെ കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും ചെയ്തു. അടുത്ത ഘട്ടത്തില്‍ ഒക്ടോബര്‍ 14ന് നിരീക്ഷണ ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവത്തിനു മുകളിലൂടെ വീണ്ടും സഞ്ചരിക്കും. ഈ സമയത്ത് കൂടുതല്‍ മികച്ച വെളിച്ചം ഈ മേഖലയില്‍ ഉണ്ടാവും. അങ്ങനെയാണെങ്കില്‍ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ വ്യക്തമാക്കി.

”ചന്ദ്രയാന്‍ – 2 ന്റെ ലാന്‍ഡര്‍ സെപ്റ്റംബര്‍ 7-ന് ചന്ദ്രോപരിതലത്തിലെ സിംപേളിയസ് എന്‍, മാന്‍സിനസ് സി എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലെ ഉയര്‍ന്ന മേഖലയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. വിക്രം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. എവിടെയാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയെന്ന് ഇനിയും വ്യക്തമായിട്ടില്ല”, നാസ ട്വിറ്ററില്‍ കുറിച്ചു.

Top