കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ വിക്രമിനൊപ്പം മകന്‍ ധ്രുവും

ടന്‍ ചിയാന്‍ വിക്രമും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന സിനിമ അണിയറില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തില്‍ വിക്രമിനൊപ്പം മകന്‍ ധ്രുവും പ്രധാന വേഷത്തിലെത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ തുടക്കം കുറിച്ചിരുന്ന നടനാണ് ധ്രുവ്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ആരാധകരേയും കൈയ്യിലെടുത്തിരുന്നു താരം. ചിയാന്റെയും മകന്റെയും കോമ്പോയ്‌ക്കൊപ്പം കാര്‍ത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായി കാത്തിരിപ്പിലാണ് ആരാധകര്‍.

ഗാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമയുടെ അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെവന്‍ സ്‌ക്രീന്‍ സ്റ്റൂഡിയോയാണ് സിനിമ നിര്‍മിക്കുന്നത്. ധനുഷ് നായകനായ ജഗമേ തന്തിരമാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ഇറങ്ങാനിരിക്കുന്ന സിനിമ. ലോക്ക്ഡൗണിനെ തുടര്‍ന്ന് മേയ് മാസത്തിലെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

അതേസമയം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് വിക്രമിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ്. 25 വ്യത്യസ്ത വേഷത്തിലാണ് വിക്രം കോബ്രയില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ശ്രീനിധി ഷെട്ടിയാണ് നായിക. ഇതുകൂടാതെ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വത്തിലും വിക്രം വേഷമിടുന്നുണ്ട്. രണ്ട് ഭാഗമായിട്ടായിരിക്കും പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിനെത്തുക. വിക്രമിനൊപ്പം കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

Top