വികാസ് ദുബെയ്ക്ക് ജാമ്യം കിട്ടാനിടയായത് വ്യവസ്ഥയുടെ പരാജയമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വികാസ് ദുബെയ്ക്ക് ജാമ്യം കിട്ടാനിടയായത് വ്യവസ്ഥയുടെ പരാജയമാണെന്ന് സുപ്രീം കോടതി. ദുബെയെപ്പോലെ ഒരാള്‍ക്ക് എങ്ങനെയാണ് ജാമ്യം കിട്ടിയതെന്ന് പരിശോധിക്കും. ദുബെയ്ക്ക് ജാമ്യം ലഭിച്ചത് ഞെട്ടിക്കുന്ന കാര്യമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

വികാസ് ദുബെ പോലീസ് വെടിയേറ്റ് മരിച്ച സഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. എട്ട് പോലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും ചേര്‍ന്ന് വധിച്ചിരുന്നു. ഈ വിഷയവും അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സംഭവത്തില്‍ മൂന്നംഗ അന്വേഷണ സമിതിയെന്ന സുപ്രിംകോടതി നിര്‍ദേശം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാമെന്ന് യുപി സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കരട് വിജ്ഞാപനം ബുധനാഴ്ച ഹാജരാക്കാമെന്നും അറിയിച്ചു.

Top