‘സ്വപ്നയെ കണ്ടത് തനിച്ച്’; കൂടിക്കാഴ്ചയുടെ വീഡിയോ പുറത്ത് വിടണമെന്ന് വെല്ലുവിളിച്ച് വിജേഷ് പിള്ള

തിരുവനന്തപുരം : വിജേഷ് പിള്ളയ്ക്ക് ഒപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്ന സ്വപ്നയുടെ ആരോപണം നിഷേധിച്ച് വിജേഷ് പിളള. താൻ തനിച്ചാണ് സ്വപ്നയെ കണ്ടതെന്നും ഹോട്ടലിലെ സിസിടിവി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിജേഷ് പിളള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ബംഗലുരുവിൽ ഹോട്ടലിൽ താമസിച്ചതും ഒറ്റക്കാണ്. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്റെ സാന്നിധ്യമുള്ളത്. ബംഗ്ലൂരു പൊലീസ് നടപടികളുമായി സഹകരിക്കും. സ്വപ്ന കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്തുവിടണമെന്നും വിജേഷ് പിള്ള പറഞ്ഞു.

അതേ സമയം, ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് അറിയിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വിജേഷ് പിള്ളയെ സ്വപ്ന കണ്ട ഹോട്ടലിൽ പോയി തെളിവെടുത്തു. കൂടുതൽ വിവരം ശേഖരിക്കാനായി വിജേഷ് പിള്ളയെ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ബംഗളുരു കെ ആർ പുര പൊലീസ് അറിയിച്ചു.

Top