വിജയ് ചിത്രം ലിയോക്ക് കേരളത്തിലും പുലര്‍ച്ചെ ഷോ ഉണ്ടാകില്ല

വിജയ് ചിത്രം ലിയോയ്ക്ക് കേരളത്തിലും പുലര്‍ച്ചെ ഷോ ഉണ്ടാകില്ല. തമിഴ്‌നാട്ടിലെ പുലര്‍ച്ചയുള്ള ഷോ ക്യാന്‍സല്‍ ചെയ്തതിനാലാണ്, കേരളത്തിലും സമയവും മാറ്റേണ്ടി വരുന്നത്. ഒക്ടോബര്‍ 19 ന് അര്‍ധരാത്രി മുതല്‍ മാരത്തണ്‍ ഷോ നടത്താനുള്ള ആരാധകരുടെ തീരുമാനവും പിന്‍വലിച്ചു. തമിഴ്‌നാട്ടില്‍ രാവിലെ 9 നാണ് ഷോ എങ്കില്‍ കേരളത്തിലും ആ സമയത്ത് മാത്രമേ ഷോ തുടങ്ങാനാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നേരത്തെ ഷോ തുടങ്ങിയാല്‍, ഇന്‍ഡസ്ട്രി ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ സസ്‌പെന്‍സ് പോകുമെന്നതിനാലാണ് തീരുമാനം. മാത്രമല്ല കേരളത്തില്‍ നേരത്തെ ഷോ ആരംഭിച്ചാല്‍ അതിര്‍ത്തി ജില്ലകളിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലും ഒരേസമയം തന്നെ സിനിമ തുടങ്ങിയാല്‍ മതിയെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം. നിര്‍മാതാക്കളുടെ അനുമതിയില്ലാതെ ചിത്രം നേരത്തെ തുടങ്ങാനാകില്ലെന്ന് തിരുവനന്തപുരത്ത് ഫാന്‍സ് ഷോ സംഘടിപ്പിക്കുന്ന ശ്രീപദ്മനാഭ തീയേറ്റര്‍ ഉടമ ഗിരീഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു. സമയം സംബന്ധിച്ച് നിലവില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ 9 മണിക്കാണ് ആരംഭിക്കുന്നതെങ്കില്‍ ആദ്യ ദിവസം പരമാവധി 4 ഷോ മാത്രമേ നടത്താനാകൂ. ഇത് വിതരണക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. ഈ സാഹചര്യം നിര്‍മാതാക്കളെയും വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളത്തിലെ വിതരണക്കാര്‍. രാവിലെ 6.30 ന് എങ്കിലും ഷോ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് കേരളത്തിലെ ആരാധകരും വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തോട് ആവശ്യപ്പെട്ടിടുണ്ട്.

Top