ദളപതി വിജയുടെ ‘ദളപതി 62’ ഷൂട്ടിങ് സമയത്തെ വീഡിയോ വൈറല്‍

dhalapathy

ളപതി വിജയുടെ 62-ാമത്തെ ചിത്രമായ ‘ദളപതി 62’ ഷൂട്ടിങ് സമയത്തെ വീഡിയോ പുറത്തു വന്നു. വിജയ് ‘ബൈക്ക് സ്റ്റണ്ട്’ ചെയ്യുന്ന ഒരു രംഗം ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്റ്റണ്ട് മാസ്റ്റര്‍മാര്‍ രാംലക്ഷമന്‍ ഒരുക്കിയ ഒരു ‘ബൈക്ക് സ്റ്റണ്ടി’ന്റെ ചിത്രീകരണമാണ് വീഡിയോ പകര്‍ത്തുന്ന വേളയില്‍ കിട്ടിയതാണ് ചിത്രീകരണങ്ങള്‍. ഈ ബൈക്ക് സീന്‍ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട് ദൃശ്യങ്ങളില്‍ ഒന്നാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ചെന്നൈയിലെ പച്ചയപ്പ കോളേജിലാണ് മൂന്ന് ദിവസമായി ഈ രംഗത്തിന്റെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് സമയത്ത് ബൈക്കില്‍ യാത്ര ചെയ്യുന്ന വിജയയെ രണ്ട് ചെറുപ്പക്കാരായ ആരാധകര്‍ പിന്തുടര്‍ന്നപ്പോള്‍ താരത്തിന്റെ ബൗണ്‍സര്‍മാര്‍ അവരുടെ ബൈക്കുകളുടെ താക്കോല്‍ പിടിച്ചു വാങ്ങി എന്നും കാറില്‍ ഇതു കണ്ടുകൊണ്ടിരുന്ന വിജയ് താക്കോലുകള്‍ തിരിച്ചു കൊടുക്കാന്‍ ബൗണ്‍സര്‍മാരോട് ആവശ്യപ്പെട്ടു എന്നും വിജയ് ഫാന്‍സ് ക്ലബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സിനിമയുടെ ഷൂട്ടിങ് സെറ്റില് ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ് ഉള്‍പ്പടെയുള്ളവര്‍ കര്‍ശനമായി പറഞ്ഞിരുന്നു. ഷൂട്ടിങ് വേളയിലെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിലൊരു നിയന്ത്രണം. അതിനേയും മറികടന്നാണ് ഇപ്പോള്‍ ഈ രംഗങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

എ. ആര്‍. മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാനായി വിജയിയും കീര്‍ത്തിയും അമേരിക്കയിലേക്ക് പോകുകയാണ്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Top