മധുര ഉറപ്പിച്ച് സി.പി.എം, അവിടെ ‘പണി’ കൊടുക്കാൻ ദളപതി ആരാധകരും റെഡി . . .

മിഴ് സൂപ്പര്‍ താരം വിജയ്‌യുടെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ബി.ജെ.പിയും അണ്ണാ ഡി.എം.കെയും. സി.പി.എം ഉള്‍പ്പെട്ട ഡി.എം.കെ മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ വിജയ് ആരാധകര്‍ക്ക് രഹസ്യ സന്ദേശം കൈമാറി കഴിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത് ഭരണപക്ഷത്തെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. രജനീകാന്തിനേക്കാള്‍ ഏറെ ആരാധകര്‍ തമിഴകത്ത് നിലവില്‍ ദളപതി എന്ന പേരില്‍ അറിയപ്പെടുന്ന വിജയ്ക്ക് ഉണ്ട്. 10 വര്‍ഷം മുന്‍പ് ആരംഭിച്ച വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷന്‍ ഇന്ന് കരുത്തുറ്റ സംഘടനയാണ്.

താരങ്ങള്‍ക്ക് സ്വന്തമായി കൊടിയുള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷനും ഇതു മാത്രമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മോഹമുള്ള വിജയ് അത് മുന്‍കൂട്ടി കണ്ടാണ് പതാക തയാറാക്കിയതെന്നാണ് യാഥാര്‍ത്ഥ്യം. ലക്ഷക്കണക്കിന് ആരാധകരാണ് തമിഴകത്ത് ഓരോ ജില്ലയിലും ഈ സൂപ്പര്‍ താരത്തിനുള്ളത്. തന്റെ സിനിമയിലൂടെ ഭരണാധികാരികളെ വിറപ്പിച്ച വിജയ്‌യുടെ അടുത്തയിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളും വിവാദമായിരുന്നു. ഇതില്‍ മെര്‍സല്‍ സിനിമ ബി.ജെ.പിയെയാണ് ചൊടിപ്പിച്ചതെങ്കില്‍ ‘സര്‍ക്കാര്‍’ എന്ന സിനിമ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെയാണ് വിറളി പിടിപ്പിച്ചിരുന്നത്.

ജി.എസ്.ടി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതാണ് മെര്‍സലിനെതിരെ രംഗത്തു വരാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അദ്ധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ എന്നിവര്‍ വിജയ്ക്ക് എതിരെ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്.

വിജയ്‌യുടെ മതം സൂചിപ്പിച്ച് രാജ ചെയ്ത ട്വീറ്റ് വലിയ കോലാഹലങ്ങളാണ് ഉയര്‍ത്തിയത്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു. തമിഴകത്ത് മാത്രമല്ല രാജ്യവ്യാപകമായി തന്നെ ഇതോടെ മെര്‍സല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല, മലയാള മാധ്യമങ്ങളും ഈ വിവാദത്തെ കുറിച്ച് സംവാദം സംഘടിപ്പിക്കുകയുണ്ടായി. വിവാദത്തിനിടയിലും വമ്പന്‍ വിജയമാണ് മെര്‍സല്‍ എന്ന സിനിമ സ്വന്തമാക്കിയത്.വിജയ് എന്ന താരത്തിന്റെ മൂല്യവും ആരാധകരുടെ ശക്തിയും പ്രകടമാക്കുന്നതായിരുന്നു ഈ ചരിത്ര വിജയം. കേരളത്തിലും മെര്‍സല്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

അന്തരിച്ച മുന്‍ മുഖ്യമന്തി ജയലളിതയെ അപഹസിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന ആരോപണമാണ് ‘സര്‍ക്കാര്‍’ എന്ന സിനിമയെ വിവാദത്തിലാക്കിയത്. വിജയ്‌യുടെ ഈ സിനിമ പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ക്ക് നേരെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്ന സംഭവവും അരങ്ങേറി.

വിവാദമായ ഈ രണ്ട് സിനിമകളുടെ റിലീസ് വേളകളിലും വിജയ് ആരാധകരും അണ്ണാ ഡി.എം കെ – ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിലും ഇപ്പോള്‍ വിജയ് ഫാന്‍സ് നിലപാട് കടുപ്പിക്കുന്നത്.

വിജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ഭരണപക്ഷത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും പിഴക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ അണ്ണാ ഡി.എം.കെ തമിഴകത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന 40 സീറ്റില്‍ പകുതിയും ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്തത് തന്നെ സംസ്ഥാന ഭരണം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

കൂറുമാറിയ 18 എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അണ്ണാ ഡി.എം.കെ സര്‍ക്കാറിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. ബി.ജെ.പിക്കു പുറമെ പാട്ടാളി മക്കള്‍ കക്ഷിയും നടന്‍ വിജയകാന്തിന്റെ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകവും അണ്ണാ ഡി.എം.കെ സഖ്യത്തിലാണ് മത്സരിക്കുന്നത്.

മുന്നണി എന്ന രൂപത്തില്‍ തങ്ങള്‍ ശക്തമാമെന്നാണ് അണ്ണാ ഡി.എം.കെയുടെ വാദം.അതേ സമയം തമിഴകത്ത് ആദ്യ സീറ്റ് ഏകദേശം ഉറപ്പിച്ച് രാഷ്ട്രിയ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് സി.പി.എം. രാഷ്ട്രീയ നിരീക്ഷകര്‍ പോലും ചെങ്കൊടിക്ക് വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമായി മധുര ലോകസഭ മണ്ഡലം ഇതിനകം തന്നെ മാറി കഴിഞ്ഞു.

ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി എസ്.വെങ്കടേഷന്‍ വിജയിക്കുമെന്നതാണ് പൊതു വിലയിരുത്തല്‍. അമ്മാ മക്കള്‍ മുന്നേട്ര കഴകത്തിന്റെ കെ.ഡേവിഡ് അണ്ണാദുരൈ പിടിക്കുന്ന വോട്ടുകള്‍ ത്രികോണ മത്സരത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും.കോയമ്പത്തൂരിലും ശക്തമായ മത്സരമാണ് സി.പി.എം സ്ഥാനാര്‍ത്ഥി കാഴ്ചവയ്ക്കുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ ന്യൂനപക്ഷ വോട്ടുകള്‍ തുണച്ചാല്‍ വിജയസാധ്യത കൂടുതലാണ്.നീണ്ട ഇടവേളക്ക് ശേഷം മധുരയും കോയമ്പത്തൂരും വീണ്ടും ചുവപ്പണിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. വിജയ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഏറ്റവും അധികമുള്ള മണ്ഡലങ്ങള്‍ കൂടിയാണ് മധുരയും കോയമ്പത്തൂരും.

Top