വിജയിയുടെ മകന്‍ ജെയ്സണ്‍ സഞ്ജയുടെ ചിത്രത്തില്‍ നിന്ന് പിന്‍മാറി യുവതാരം

ചെന്നൈ: ദളപതി വിജയിയുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നുവെന്ന പ്രഖ്യാപനം നടത്തിയിട്ട് കുറച്ചു നാളുകളായി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിലെ പ്രമുഖ യുവതാരം ശിവകാര്‍ത്തികേയന്‍ ജെയ്സണ്‍ സഞ്ജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്നാണ് വാര്‍ത്ത. ചിത്രത്തിന്റെ കഥയില്‍ തന്റെ ഇപ്പോഴത്തെ താരമൂല്യത്തിന് വേണ്ട രീതിയില്‍ കൊമേഷൽ കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കഥ കേട്ട ശേഷം ശിവകാര്‍ത്തികേയന്‍ ജെയ്സണ്‍ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചയുന്നത്.

അതേ സമയം കഴിഞ്ഞ മാസം വന്ന ഒരു റിപ്പോര്‍ട്ടില്‍ ജെയ്സണ്‍ സഞ്ജയ് ദുല്‍ഖര്‍ സല്‍മാനെയാണ് തന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. തമിഴ് മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്സണ്‍ സഞ്ജയ് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ലൈക്ക പ്രൊഡക്ഷനാണ് വിജയിയുടെ പുത്രന്റെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വിജയിയുടെ അറിവോടെ അല്ല ജെയ്സണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത് എന്നതടക്കം വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത് മുതല്‍ നെപ്പോട്ടിസം ആരോപണം ശക്തമാണ്. വിജയിയുടെ മകനായതിനാലാണ് ആദ്യ പടം തന്നെ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് പലരും ആരോപിച്ചത്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക്ക. ലൈക്കയുടെ സുബാസ്‌കരന്‍ നേരിട്ട് ജേസണുമായി കരാര്‍ ഒപ്പിടാന്‍ എത്തിയത് തന്നെ നെപ്പോട്ടിസമായി ആരോപിച്ചിരുന്നു. എന്നാല്‍ ലണ്ടനില്‍ സിനിമ പഠിച്ച ജേസണ്‍ സഞ്ജയിക്ക് പടം ചെയ്യാന്‍ യോഗ്യതയുണ്ടെന്നാണ് വിജയ് ആരാധകര്‍ വാദിച്ചത്.

Top