ഔദ്യോഗിക പ്രതിജ്ഞ പ്രഖ്യാപിച്ച് വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകം

ചെന്നൈ: ഔദ്യോഗിക പ്രതിജ്ഞ പ്രഖ്യാപിച്ച് ദളപതി വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകം. ഇന്ത്യന്‍ ഭരണഘടനയിലും മതമൈത്രിയിലും വിശ്വസിക്കുമെന്നും തമിഴ് ഭാഷയ്ക്കായി ജീവത്യാഗം ചെയ്തവരുടെ പോരാട്ടം തുടരുമെന്നും ജനാധിപത്യം, സാമൂഹികനീതി, മതേതരത്വം എന്നിവയില്‍ വിശ്വസിക്കുമെന്നുമാണ് വിജയിയുടെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതിജ്ഞ. കഴിഞ്ഞ ഫെബ്രുവരി 2നാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ് മക്കള്‍ ഇയക്കം അടക്കം വിജയിയുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഇതോടെ ഈ രാഷ്ട്രീയ രൂപത്തിലേക്ക് മാറും. 2026 തമിഴ്‌നാട് നിയമസഭ ഇലക്ഷന്‍ ലക്ഷ്യമാക്കിയാകും വിജയ് പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി എത്തുമ്പോള്‍ നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി ആകുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുക ഒട്ടും എളുപ്പമാകില്ല. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് വിജയ് അവസാനിപ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ പടിവാതിലിലാണ് തമിഴക രാഷ്ട്രീയം. തമിഴ് രാഷ്ട്രീയത്തിന്റെ പുത്തന്‍ തലമുറയില്‍ ആരാകും വാഴുക എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. ഡിഎംകെയുടെ പ്രത്യയശാസ്ത്രം എവിടെയും ധൈര്യത്തോടെ പറയുന്ന ഉദയനിധി സ്റ്റാലിനും വലിയ പദവികളിലെത്തുമെന്ന് ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കുന്ന കെ അണ്ണാമലൈക്കുമൊപ്പം യുവവോട്ടര്‍മാരില്‍ കണ്ണുവയ്ക്കുകയാണ് വിജയ്‌യും. മുഖ്യമന്ത്രിയാകാനാവശ്യമായ 40 ശതമാനം വോട്ടുകള്‍ ഇതില്‍ കണ്ടെത്തുകയെന്നത് ദളപതി വിജയ്ക്ക് മുന്നിലെ വെല്ലുവിളിയാകും. വിജയ്‌യുടെ നീക്കത്തിന്റെ സൂചനകള്‍ വരും ദിവസങ്ങളിലാണ് വ്യക്തമാകുക. ആരാധക പിന്തുണ വോട്ടാക്കി മാറ്റാന്‍ തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത്.

നടന്‍ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ ആദ്യ തെരഞ്ഞെടുപ്പില്‍ 234 മണ്ഡലത്തിലും മത്സരിച്ചപ്പോള്‍ നേടിയത് 8.38 ശതമാനം വോട്ടുകളാണ്. മക്കള്‍ നീതിമയ്യത്തിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ ചലച്ചിത്ര നടന്‍ കമല്‍ഹാസന്‍ അരങ്ങേറിയപ്പോള്‍ പാര്‍ട്ടിക്ക് കിട്ടിയത് 2.62 ശതമാനം വോട്ടും. വിജയകന്തിനു വിരുദാചലത്ത് വിജയിക്കാനായി. കോയമ്പത്തൂര്‍ കടമ്പയില്‍ കമല്‍ഹാസന്‍ വീണു. പന്ത്രണ്ട് ശതമാനം മുതല്‍ 15 വരെ വോട്ടുകള്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ വിജയ്‌യുടെ പാര്‍ട്ടിക്ക് പരമാവധി നേടിയെക്കാനാകുമെന്നാണ് ഡിഎംകെ, ബിജെപി നേതാക്കള്‍ അടക്കം പറയുന്നത്. നിലവിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ അവിശ്വാസമുള്ളതിനാല്‍ ആദ്യ അങ്കത്തില്‍ വിജയ് ഒരു മുഖ്യധാര പാര്‍ട്ടിയുടെ നിഴലിലൊതുങ്ങാനും സാധ്യതയില്ല. അതായത് ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികള്‍ നേതൃത്വപദവിയിലുള്ള മൂന്ന് മുന്നണികള്‍ 2026ല്‍ പ്രതീക്ഷിക്കാം. മുഖ്യമന്ത്രി കസേര ലക്ഷ്യം എന്ന് ചലച്ചിത്ര നടന്‍ വിജയും പ്രഖ്യാപിക്കുമ്പോള്‍ 2026ല്‍ തമിഴ്‌നാട്ടില്‍ ചതുഷ്‌കോണ പോരാട്ടത്തിന് കൂടിയാണ് കളമൊരുങ്ങുന്നത്.

Top