തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിശോധിച്ചുവെന്നും ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹം ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന വ്യക്തിയാണെങ്കിലും അവര്‍ നടത്തിയ പരാമര്‍ശം പൊതുവെ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല. അവര്‍ തന്നെ അത് തെറ്റാണെന്ന് പറയുകയുണ്ടായി. ഖേദം രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളില്‍ നടന്ന വിഷയം എന്ന നിലയിലാണ് സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിശോധിച്ചത്.
യോഗത്തില്‍ പങ്കെടുത്ത് ജോസഫൈന്‍ ഉണ്ടായ സംഭവങ്ങള്‍ വിശദീകരിച്ചു. അവര്‍ക്ക് പറ്റിയ പിഴവില്‍ ഖേദം രേഖപ്പെടുത്തിയെന്നും അറിയിച്ചു. വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സന്നദ്ധതയും അറിയിച്ചു. അങ്ങനെയാണ് അവര്‍ രാജിവെക്കുന്നത്. രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.