ചികിത്സാ സഹായത്തിന്റെ പേരില്‍ ശല്യം ചെയ്യുന്നു, നടനെതിരെ പരാതിയുമായി വിജയലക്ഷ്മി

ബെംഗളുരൂ: ചികിത്സാ സഹായം നല്‍കിയതിന്റെ പേരില്‍ നിരന്തരമായി ശല്യം ചെയ്യുന്ന കന്നട നടനതെിരെ പരാതിയുമായി നടി വിജയലക്ഷ്മി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു വിജയക്ഷമി. ചികിത്സയ്ക്ക് സഹായം നല്‍കാനെന്ന വ്യാജേന അടുത്തുകൂടിയ രവി പ്രകാശ് തന്നെ ശല്യം ചെയ്യുകയാണെന്നാരോപിച്ചാണ് വിജയ ലക്ഷ്മി പോലീസിനെ സമീപിച്ചിരിക്കുന്നത.

സാമ്പത്തിക പരാധീനതകള്‍ കാരണം വിജയലക്ഷ്മിയുടെ ചികിത്സയുടെ ചെവലുകള്‍ക്കായി സിനിമാ പ്രവര്‍ത്തകരോട് സഹോദരി ഉഷാദേവി സഹായം അഭ്യര്‍ഥിച്ചിരുന്നു.തുടര്‍ന്നാണ് രവി പ്രകാശ് വിജയലക്ഷ്മിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്.ചികിത്സാ സഹായമായി രവി പ്രകാശ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. അത് സ്വീകരിച്ചതിന് ശേഷം രവി പ്രകാശിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായി. ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിജയലക്ഷ്മി ആരോപിക്കുന്നു.

എന്നാല്‍ വിജയലക്ഷ്മിയുടെ ആരോപണം നിഷേധിച്ച് രവി പ്രകാശും രംഗത്ത് എത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ പോലീസിനെ സമീപിച്ചതെന്ന് മനസിലാകുന്നില്ല. താന്‍ നിരപരാധിയാണെന്ന് തന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും രവി പ്രകാശ് പറയുന്നു.

Top