ജസ്റ്റിസ് തഹിൽ രമണിയാണ് താരം . . .! ഞെട്ടിച്ചത് രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ

ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നീതിബോധം ഉയര്‍ത്തിപ്പിടിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹില്‍രമണിയാണിപ്പോള്‍ മതേതര ഇന്ത്യയുടെ അഭിമാനം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്ത് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രിയങ്കരനായ ജസ്റ്റിസ് പി.സദാശിവത്തിന്റെ പാത പിന്തുടരാതെയാണ് തഹില്‍രമണി ഇവിടെ നീതിബോധം ഉയര്‍ത്തിപിടിച്ചിരിക്കുന്നത്.

വ്യക്തമായ കാരണംപോലും പറയാതെയാണ് തഹില്‍രമണിയെ സുപ്രീംകോടതി കൊളീജിയം മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളായ 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനെ കേവലം മൂന്നു ജഡ്ജിമാരുള്ള മേഘാലയിലേക്ക് മാറ്റുന്നത് അപമാനിക്കലായി നിയമവൃത്തങ്ങളും വിലയിരുത്തികഴിഞ്ഞു.

ഈ അപമാനത്തിനെതിരെ സ്വന്തം രാജിയിലൂടെ തിരിച്ചടി നല്‍കാന്‍ തഹില്‍രമണിയെടുത്ത തീരുമാനത്തിനാണിപ്പോള്‍ കൈയ്യടി ലഭിച്ചിരിക്കുന്നത്. സ്ഥലം മാറ്റതീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ ഇതിനകംതന്നെ സുപ്രീം കോടതിയെ സമീപിച്ചുംകഴിഞ്ഞു. ഗുജറാത്ത് കലാപത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ച തഹില്‍രമണി അന്നുമുതല്‍ സംഘപരിവാറിന്റെ കണ്ണിലെ പ്രധാന കരടാണ്.

ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ് തഹില്‍രമണി ഗൂജറാത്ത് കലാപത്തിലെ ബില്‍ക്കീസ്ബാനു കൂട്ടബലാല്‍സംഗക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നത്. ഇതേ കേസില്‍ അഞ്ച് പൊലീസുകാരും രണ്ടു ഡോക്ടര്‍മാരും ഉള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി അവര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഒരു സ്വാധീനത്തിനും വഴങ്ങാത്തതും, ആരേയും ഭയപ്പെടാത്തതുമായ ചരിത്രമാണ് തഹില്‍രമണിക്കുള്ളത്. നിയമ രംഗത്തുള്ളവര്‍ക്ക് അഭിമാനവും മാതൃകയുമാണ് ഈ ജസ്റ്റിസ്. മറ്റുള്ളവരില്‍ നിന്നും അവരെ വ്യത്യസ്തയാക്കുന്നത് നിലപാടുകളിലെ കാര്‍ക്കശ്യം വളരെ കൂടുതലാണ് എന്നതാണ്.

2014 ഏപ്രില്‍ 27 വരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പി.സദാശിവത്തിനെ, ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞ ഉടന്‍തന്നെ ബി.ജെ.പി സര്‍ക്കാര്‍ കേരള ഗവര്‍ണറായാണ് നിയമിച്ചിരുന്നത്. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്ന ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ അന്ന് കടുത്ത വിമര്‍ശനങ്ങളാണ് നിയമ വിധഗ്ദര്‍ ഉയര്‍ത്തിയിരുന്നത്. പക്ഷേ സദാശിവവും ബി.ജെ.പിയും ഈ വിമര്‍ശനങ്ങളെ അല്‍പംപോലും മുഖവിലക്കെടുത്തിരുന്നില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷായെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍കേസില്‍ രക്ഷിച്ചെടുത്തതിനുള്ള പ്രത്യുപകാരമാണ് സദാശിവത്തിന്റെ ഗവര്‍ണര്‍ പദവിയെന്നും അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, അയാളുടെ സഹപ്രവര്‍ത്തകന്‍ തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് പൊലീസാണ് പിടിച്ചു കൊണ്ടുപോയിരുന്നത്. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇവരെല്ലാം കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. പാക്കിസ്ഥാന്റെ പ്രേരണയാല്‍ മോദിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട ആളാണ് സൊഹ്റബുദ്ദീന്‍ എന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ നിലപാട്.

വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഈ കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അമിത്ഷാക്ക് ഗുജറാത്തിലേക്കുള്ള പ്രവേശനം പോലും സുപ്രീം കോടതി തടയുകയുണ്ടായി. അമിത് ഷായുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നെന്ന സൂചന പരന്ന കേസായിരുന്നു ഇത്. പക്ഷേ 2013 ഏപ്രില്‍ ഒമ്പതിന് ചീഫ് ജസ്റ്റീസ് സദാശിവവും ബി എസ് ചൗഹാനും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് തുള്‍സിറാം പ്രജാപതി വധക്കേസില്‍ അമിത് ഷായ്ക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കുകയായിരുന്നു.

ഒരു കേസില്‍ രണ്ട് എഫ് ഐ ആര്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം. സി.ബി.ഐ അന്വേഷിക്കുന്ന സൊഹ്റബുദ്ദീന്‍ കേസില്‍ 2013 ആഗസ്റ്റ് 12 ന് സദാശിവവും ജസ്റ്റീസ് രഞ്ജിനി ദേശായിയും ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് എല്ലാ ശനിയാഴ്ച്ചയും അമിത് ഷാ സി.ബി.ഐയുടെ മുന്നില്‍ ഹാജരായി ഒപ്പ് വെയ്ക്കണമെന്ന നിബന്ധനയും റദ്ദാക്കുകയുണ്ടായി. ഈ രണ്ട് വിധികളുമാണ് അമിത് ഷായെ രക്ഷിച്ചതെന്നാണ് അണിയറ സംസാരം.

ഈ ആരോപണങ്ങളെല്ലാം മുന്‍പ് ജസ്റ്റിസ് സദാശിവം തന്നെ നിഷേധിച്ചിരുന്നു. ഒരു കേസില്‍ രണ്ട് എഫ്.ഐ.ആര്‍ എന്നതു നിയമവിരുദ്ധമായതുകൊണ്ടു മാത്രമാണ് താന്‍ ഒന്ന് റദ്ദ് ചെയ്തതെന്നാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. ഇതൊരര്‍ത്ഥത്തില്‍ ശരിയുമാണ്. പക്ഷേ ഈ വിധികളുടെയെല്ലാം ഗുണഫലം ശരിക്കും ലഭിച്ചത് അമിത്ഷാക്കും നരേന്ദ്രമോദിക്കുമാണ്. ഇതിനു പിന്നാലെയാണ് രാജ്യത്ത് ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഗവര്‍ണര്‍ സ്ഥാനത്തിരുന്നിട്ടില്ലെന്ന കീഴ്വഴക്കംപോലും മറികടന്ന് സദാശിവത്തെ ഗവര്‍ണര്‍ സ്ഥാനത്ത് അവരോധിച്ചിരുന്നത്.

സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് 2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തിയതും രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സംഭവമാണ്. ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സെഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച വിഷയമാണ് ഉന്നതനീതിപീഠത്തിനകത്തെ പൊട്ടിത്തെറി മറനീക്കി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നത്. കൊളീജിയം അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ജെ.ചെലമേശ്വര്‍, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

അമിത് ഷാ പ്രതിയായ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് നല്‍കാതെ ജൂനിയറായ ജസ്റ്റിസ് മിശ്രയുടെ അധ്യക്ഷതയിലുള്ള പത്താം നമ്പര്‍ ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറിയ നടപടിയാണ് പ്രകോപനത്തിന് വഴിയൊരുക്കിയിരുന്നത്. മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നല്‍കിയ കത്തിലെ ഗുരുതര ആരോപണവും രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു.

‘കോടതികള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി ആരോപണമുണ്ടെന്നും’ കത്തില്‍ ജഡ്ജിമാര്‍ തുറന്നടിച്ചിരുന്നു. ലോയ കേസില്‍ ചീഫ് ജസ്റ്റിസ് ചെയ്തത് ശരിയായ കാര്യമല്ലന്നും ഞങ്ങള്‍ നിറവേറ്റുന്നത് രാജ്യത്തോടുള്ള ഉത്തരവാദിത്വമാണെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനാലാണ് തുറന്ന് പറയുന്നതെന്നുമായിരുന്നു അവരുടെ നിലപാട്. അന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രഞ്ജന്‍ ഗൊഗോയിയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.

ഗുജറാത്ത് കലാപത്തിലെ ബില്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷ ശരിവെച്ച തഹില്‍രമണിയെ അപമാനിക്കുന്ന തരത്തില്‍ സ്ഥലം മാറ്റിയ കൊളീജിയത്തിന്റെ തീരുമാനം പുനപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടുമോ എന്നാണിപ്പോള്‍ നിയമലോകവും ഉറ്റുനോക്കുന്നത്.

Political Reporter

Top