2018ലെ ഇന്റര്‍നാഷണല്‍ അച്ചീവ്മെന്റ് റെക്കഗ്നിഷന്‍ അവാര്‍ഡിന് അര്‍ഹനായി തമിഴകത്തിന്റെ ഇളയദളപതി. മെല്സലിലെ പ്രകടനത്തിനാണ് മികച്ച അന്താരാഷ്ട്ര നടനുള്ള പുരസ്കാരം വിജയ് സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 22ന് ലണ്ടനില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം നടന്നത്. എന്നാല്‍ വിജയ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയിരുന്നില്ല. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയ്യെ മികച്ച അന്താരാഷ്ട്ര നടനായി തെരഞ്ഞെടുത്തത്.
ഇത് ആദ്യമായല്ല മെര്‍സലിന് ഒരു ഇന്റര്‍നാഷണല്‍ പുരസ്കാരം ലഭിക്കുന്നത്. മികച്ച വിദേശ സിനിമാ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച വിദേശ ചിത്രത്തിന് പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് മെര്‍സല്‍.
മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ വിമര്‍ശനത്തിനെതിരെ തമിഴകത്തെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു. വിവാദ ഭാഗം കട്ട് ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. നായകനെതിരെ പോലും വ്യക്തിപരമായ അധിക്ഷേപം ഉണ്ടായി. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒറ്റക്കെട്ടായി രംഗത്ത് വന്നത് പലയിടത്തും സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം അഞ്ച് ദിവസങ്ങള്‍ കൊണ്ട് നേടിയത് 150 കോടി കളക്ഷനാണ്.
സമീപകാലത്ത് ഇറങ്ങിയ എല്ലാ വിജയ് സിനിമകളും സൂപ്പര്‍ ഹിറ്റാവുകയും ലക്ഷക്കണക്കിന് ആരാധകരെ സംസ്ഥാനത്ത് സൃഷ്ടിക്കുകയും ചെയ്തതിനാല്‍ തീര്‍ച്ചയായും സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് അര്‍ഹനാണ് വിജയ് എന്നാണ് സിനിമാ നിരൂപകര്‍ പോലും ഇപ്പോള്‍ ചൂണ്ടിക്കാട്ടിയത്. മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും കേരളത്തിലും ഏറ്റവും കൂടുതല്‍ ആരാധകര്‍ ദളപതിക്കാണെന്ന് മെര്‍സല്‍ റിലീസ് ദിവസത്തെ തിരക്കും തിയറ്റര്‍ കളക്ഷനും സാക്ഷ്യപ്പെടുത്തിയിരുന്നു. ലാലിന്റെയും മമ്മൂട്ടിയുടെയും പിന്മുറ താരം ആരായിരിക്കുമെന്ന് ചര്‍ച്ച നടത്തുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ താരരാജാക്കന്മാരെ മുന്‍നിര്‍ത്തി തന്നെ ആ സിംഹാസനം വെട്ടിപിടിച്ചിരിക്കുകയാണ് മെര്‍സലിലൂടെ ദളപതി വിജയ്.
തെരിക്ക് ശേഷം വിജയ്യെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമായിരുന്നു മെര്‍സല്‍. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്. എ ആര് റഹ്മാന്റേതാണ് സംഗീതം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന് എന്നിവരാണ് നായികമാര്‍. ശ്രീ തെനന്‍ഡല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.