കിടിലൻ നൃത്തചുവടുകളുമായി വിജയ്; ‘വാരിസി’ലെ ആദ്യ ഗാനത്തിന്റെ പ്രൊമോ

വിജയ് നായകനാകുന്ന ചിത്രം ‘വാരിസി’ലെ ആദ്യ ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തു. രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനം വിജയ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. തമൻ എസ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനം വിജയ്‌യുടെ കിടിലൻ നൃത്തത്തിനൊപ്പം ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുമെന്ന് ഉറപ്പ് നൽകുന്നുണ്ട് പ്രൊമോ. പൊങ്കൽ റിലീസായി 2023 ജനുവരിയിലാണ് വാരിസ് തിയേറ്ററുകളിൽ എത്തുക.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’.

രശ്‌മിക മന്ദാനയാണ് നായിക. പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി ഉൾപ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവിൽ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.

Top