മാസായി വിജയ് വന്നു. . അവരുടെ കണ്ണീര്‍ തുടക്കാന്‍ ബൈക്കില്‍ . . ഇതാണ് ദളപതി !!

vijay fan

തൂത്തുക്കുടി: എന്തുകൊണ്ടാണ് ദളപതി വിജയ്ക്ക് ഇത്രയും മാസ് . . ? ‘വെറിത്തരമായി’ പ്രബുദ്ധ കേരളത്തില്‍ പോലും വന്‍ ആരാധകര്‍ എങ്ങനെ ഉണ്ടായി ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന കണ്ണുകള്‍ തൂത്തുക്കുടിയിലെ ഈ വീഡിയോ കണ്ടാല്‍ കാര്യം മനസ്സിലാകും.

തൂത്തുക്കുടി വെടിവയ്പില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ബൈക്കില്‍ എത്തിയ ദളപതിയുടെ നടപടി തമിഴകത്തെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

 vijay fan

മുന്‍കൂട്ടി പ്രഖ്യാപിച്ച് തൂത്തുക്കുടിയിലെത്തിയ രജനി, കമല്‍ തുടങ്ങിയവരുടെ മാതൃകവിട്ട് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സോടു കൂടിയാണ് വിജയ് തൂത്തുക്കുടിയില്‍ എത്തിയത്.

ആരാധകര്‍ വലിയ രൂപത്തില്‍ തടിച്ച് കൂടുമെന്നതിനാലാണ് യാത്ര രാത്രിയാക്കിയത്. ഇടവഴികളിലൂടെയാണ് പലരുടെയും വീടുകളില്‍ പോകേണ്ടത് എന്നതിനാലാണ് ബൈക്ക് യാത്ര തിരഞ്ഞെടുത്തത്.

വെടിവയ്പിനെ കുറിച്ച് ഇതുവരെ ഒന്നും പ്രതികരിക്കാതിരുന്ന വിജയ് പെട്ടന്ന് തന്നെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടത് വെടിവയ്പിന് ഇരയായ കുടുംബങ്ങളെ ശരിക്കും അമ്പരപ്പിച്ചു. ഇവരുടെ കൂടെ തറയിലിരുന്നാണ് ദളപതി ആശ്വസിപ്പിച്ചത്. ലോക്കല്‍ പൊലീസിനെ കൂടി അറിയിക്കാതെ ആയിരുന്നു സന്ദര്‍ശനം.

 vijay fan

സ്വപ്നമാണോ, യാഥാര്‍ത്ഥ്യമാണോ എന്ന ചിന്തയിലായിരുന്നു ഇരകളുടെ ബന്ധുക്കള്‍. വെടിവയ്പിന് ഇരയായ ഓരോ കുടുംബങ്ങള്‍ക്കും ലക്ഷം രൂപ വീതം സഹായധനവും വിജയ് നല്‍കി.

നേരത്തെ നീറ്റ് പ്രശ്‌നത്തില്‍ ആത്മഹത്യ ചെയ്ത അനിത എന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടിലും രഹസ്യമായി സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് വിജയ് സഹായധനം കൈമാറിയിരുന്നു. സിനിമയും രാഷ്ട്രീയവും ഇഴ കലര്‍ന്ന തമിഴകത്ത് ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള സൂപ്പര്‍ താരമാണ് വിജയ്.

മുന്‍പ് പാലക്കാട്ട് വിജയ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തവെ വീണു മരിച്ച യുവാവിന് സഹായധനം നല്‍കാന്‍ അദ്ദേഹം കേരളത്തില്‍ എത്തിയിരുന്നു.

പാവപ്പെട്ടവര്‍, രോഗികള്‍, കുട്ടികള്‍ എന്നിവരെ സഹായിക്കാന്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തമിഴകത്ത് മാത്രമല്ല കേരളത്തിലും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍

Top