വിജയ് ‘ചവിട്ടിമെതിച്ചത്’ ബി.ജെ.പി മുന്നണിയുടെ വിജയ പ്രതീക്ഷയോ . . ?

മിഴകത്ത് ഇത്തവണ ഡി.എം.കെ സഖ്യം ഭരണം പിടിച്ചാൽ, അതിൽ സാക്ഷാൽ ദളപതിക്കും, വലിയ പങ്കുണ്ടാകും. വോട്ടെടുപ്പ് ദിവസം ദളപതി വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത്, ഡി.എം.കെ കേന്ദ്രങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡി.എം.കെയുടെ കൊടിയുടെ കളറായ, ചുവപ്പും കറുപ്പം നിറമുള്ള സൈക്കിളിലാണ് വിജയ് കുതിച്ചെത്തിയത് എന്നത്, ആരാധകർക്കുള്ള വ്യക്തമായ സന്ദേശമായാണ് ചിത്രീകരിക്ക പ്പെട്ടിരുന്നത്. ഇന്ധന വിലവർദ്ധനവിനുള്ള ശക്തമായ സന്ദേശമായും, ഈ സൈക്കിൾ യാത്ര വിലയിരുത്ത പ്പെടുന്നുണ്ട്. രണ്ടായാലും, വിജയ് ചവിട്ടി ക്കയറിയിരിക്കുന്നത് ഭരണ പക്ഷത്തിന്റെ പ്രതീക്ഷ കൾക്കു മീതെയാണ്. കേന്ദ്ര സർക്കാറുമായും, ബി.ജെ.പിയുമായും, സിനിമയിലൂടെ നിരന്തരം കലഹിക്കുന്ന താരമാണ് ദളപതി വിജയ്.ഇതിനെതിരായ ഭരണകൂട രോക്ഷം, ആദായ നികുതി വകുപ്പിന്റെ റെയ്ഡ് രൂപത്തിലാണ് വന്നിരുന്നത്. എന്നാൽ ദളപതിയുടെ എല്ലാ കണക്കുകളും കറക്ടായിരുന്നതിനാൽ, കണക്കു കൂട്ടലുകൾ തെറ്റിയത് ഭരണപക്ഷത്തിനായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം തൽക്കാലം വിജയ് മാറ്റി വച്ചത് തന്നെ, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിനോടുള്ള, അടുപ്പം മൂലമാണെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. വിജയ് യുടെ വലിയ ആരാധകൻ കൂടിയാണ് നടനായ ഉദയനിധി സ്റ്റാലിൻ. സ്റ്റാലിന്റെ പിൻഗാമിയായി ചിത്രീകരിക്കപ്പെടുന്ന ഉദയനിധിയും ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

 

തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ്, സൈക്കിൾ ചവിട്ടി മാസ് തരംഗം സൃഷ്ടിച്ചതിൽ, ഡി.എം.കെ സഖ്യം വലിയ ആവേശത്തിലാണ്. ദളപതിയുടെ ആരാധകരും ഹാപ്പിയാണ്. മറ്റേത് താരത്തേക്കാളും, മാസ് വരവായിരുന്നു ദളപതിയുടേത് എന്നതിലാണ് ആരാധകരുടെ ആവേശം. നേര്‍ക്കുനേര്‍ ഡിഎംകെ- അണ്ണാ ഡിഎംകെ മുന്നണികളും, നിര്‍ണായകമാകാന്‍ മക്കള്‍ നീതി മയ്യവും, കരുത്തുകാട്ടാൻ അമ്മമക്കള്‍ മുന്നേറ്റ കഴകവും, കൂടാതെ, നാം തമിഴര്‍ കക്ഷിയുൾപ്പെടെയുള്ളവരും, ജീവൻ മരണ പോരാട്ടം നടത്തിയ തെരെഞ്ഞെടുപ്പാണ് തമിഴകത്ത് ഇത്തവണ നടന്നിരിക്കുന്നത്. ഈ ‘പഞ്ചഗുസ്തി’യിൽ പോളിങ് കുതിച്ചുയരുമെന്ന കണക്കു കൂട്ടലുകളും ഇപ്പോൾ തെറ്റിയിട്ടുണ്ട്. 72.78% എന്ന പോളിങ് ശതമാനത്തില്‍, കണക്കു കൂട്ടിയും കിഴിച്ചും ആശങ്കപ്പെടുന്നത്, പ്രധാനമായും ഭരണപക്ഷമാണ്. അതേസമയം, കേഡർ പാർട്ടിയായ ഡി.എം.കെ, തങ്ങളുടെ വോട്ടുകൾ പോൾ ചെയ്തതായാണ് അവകാശപ്പെടുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, 1.46% കുറവാണ് ഇത്തവണയുള്ളത്. കുറവിന് കോവിഡ് ആശങ്ക കാരണമായിട്ടുണ്ടെന്നാണു പൊതു വിലയിരുത്തല്‍. പതിവുപോലെ, ഗ്രാമീണ മേഖലകള്‍ വന്‍തോതില്‍ വോട്ട് ചെയ്തപ്പോള്‍, ചെന്നൈ ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളിൽ മന്ദഗതിയിലായിരുന്നു പോളിങ്ങ്.സമീപകാലത്ത് ഏറ്റവും കുറഞ്ഞ പോളിങ് 2001-ലായിരുന്നു – 59.07%. ആയിരുന്നു അന്ന്. ഏറ്റവും കൂടുതല്‍ 2011 -ൽ ആയിരുന്നു. 78.29%മാണ് അക്കാലത്ത് രേഖപ്പെടുത്തിയത്. ഈ രണ്ടു തവണയും, ഭരണമാറ്റം ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം അതല്ല, വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍, ഇരു മുന്നണികള്‍ക്കും ആശങ്കയ്ക്കും പ്രതീക്ഷയ്ക്കും വകയുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. വണ്ണിയര്‍ സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള വടക്കന്‍ തമിഴ്‌നാട്ടില്‍, കനത്ത പോളിങ്ങാണു നടന്നിരിക്കുന്നത്. അതീവ പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുന്ന സമുദായത്തിനു നല്‍കിയ, 10.5% പ്രത്യേക സംവരണം, അണ്ണാ ഡി.എം.കെയുടെ പ്രചാരണത്തിലെ പ്രധാന വിഷയമായിരുന്നു.

 

 

വണ്ണിയര്‍ വോട്ട് അണ്ണാഡിഎംകെ മുന്നണിക്കനുകൂലമായി ഏകീകരിച്ചതാകാം, വോട്ടു ശതമാനം ഉയരാന്‍ കാരണമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, സംവരണത്തിനെതിരെ മറ്റു സമുദായങ്ങളുടെ ധ്രുവീകരണമാണിതെന്നാണ്, ഡിഎംകെ ചൂണ്ടിക്കാട്ടുന്നത്. അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ അനന്തരവനായ ടി.ടി.വി. ദിനകരന്‍, തന്റെ ശക്തികേന്ദ്രമെന്നു കരുതുന്ന തെക്കന്‍ തമിഴ്‌നാട്ടില്‍, വമ്പന്‍ പ്രചാരണം നടത്തിയിട്ടും, വോട്ടിങ് ശതമാനം സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണുള്ളത്.ഇവിടെ അണ്ണാഡിഎംകെയുടെ പരമ്പരാഗത വോട്ടുകള്‍ പോള്‍ ചെയ്തില്ലെന്ന ആശങ്ക  പാർട്ടി നേതാക്കൾക്കിടയിലും പ്രകടമാണ്. അണ്ണാഡിഎംകെയുടെ ഉരുക്കുകോട്ടയായ കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍, നാമക്കല്‍, ധര്‍മപുരി ഗ്രാമ മേഖലകളില്‍, വന്‍ പോളിങ്ങാണ് നടന്നിരിക്കുന്നത്.

 

എന്നാല്‍, ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന കോയമ്പത്തൂര്‍ സൗത്തില്‍, വെറും 60.72% മാത്രമാണ് പോളിങ്. മക്കള്‍ നീതിമയ്യം തലൈവൻ കമല്‍ ഹാസനും, ബിജെപിയുടെ വാനതി ശ്രീനിവാസനും, കോണ്‍ഗ്രസിന്റെ മയൂര ജയകുമാറുമാണു ഇവിടെ മത്സരിക്കുന്നത്. അണ്ണാ ഡിഎംകെ വോട്ടുകള്‍ എല്ലാം ബൂത്തിലെത്തിയില്ലേ എന്ന ആശങ്കയാണു, ബിജെപി കേന്ദ്രങ്ങളില്‍ പ്രകടമായിരിക്കുന്നത്. തമിഴകം ആർക്കൊപ്പം നിൽക്കും എന്ന സംശയം നിലനിൽക്കെയാണ്, വിജയ് അവസാന നിമിഷം സൈക്കിളിലേറി കുതിച്ചിരിക്കുന്നത്. ദളപതിയുടെ ഈ കുതിപ്പ് ആർക്ക് കിതപ്പായി മാറുമെന്നതിന്റെ ഉത്തരം കൂടിയാണ് മെയ് 2നു ലഭിക്കാൻ പോകുന്നത്.

Top