കമ്യൂണിസ്റ്റുകൾ യഥാർത്ഥ ഹീറോകൾ, താര പരിവേഷം പൊളിച്ചെഴുതി അവൻ !

ല്ലാ സൂപ്പര്‍ നായകന്‍മാരും മാതൃകയാക്കേണ്ട ക്യാരക്ടറിന് ഉടമയാണ് തമിഴ് താരം വിജയ് സേതുപതി.

മക്കള്‍ ശെല്‍വന്‍ എന്നറിയപ്പെടുന്ന ഈ താരം തെന്നിന്ത്യയിലെ തന്നെ മുന്‍ നിര നായക നടന്മാരില്‍ പ്രധാനിയാണ്.

തമിഴകത്താണെങ്കില്‍ വിജയ്, അജിത്ത് എന്നീ യുവ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം തന്നെയാണ് വിജയ് സേതുപതിയുടെയും സ്ഥാനം.

മുന്‍ നിര നായകനായി വിലസുമ്പോഴും വില്ലന്‍ വേഷം ചെയ്യാന്‍ ഒരു മടിയുമില്ലന്നതാണ് ഈ താരത്തെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

വേഷം ചെറുതായാലും അത് വില്ലത്തരമായാലും ഏത് താരത്തിനൊപ്പവും അഭിനയിക്കാനും വിജയ് സേതുപതി തയ്യാറാണ്.

മറ്റൊരു സൂപ്പര്‍ താരത്തിനും സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നിലപാടാണിത്.

ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ദളപതി വിജയ് യുടെ ലോഗേഷ് കനകരാജ് സിനിമയിലും വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

രജനീകാന്ത് നായകനായ പേട്ട സിനിമയിലും മാധവന്റെ വിക്രം വേദയിലും വില്ലന്‍ വേഷത്തിലാണ് താരം അഭിനയിച്ചത്. തെലുങ്ക് ചിത്രമായ ‘ഉപ്പെണ്ണ’യിലും വില്ലന്‍ വിജയ് സേതുപതി തന്നെയാണ്.

2003 ലാണ് വിജയ് സേതുപതി ദുബായിലെ അക്കൗണ്ടന്റ് ജോലി മതിയാക്കി സിനിമ അഭിനയത്തിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ നായകന്റെ സുഹൃത്തായും പിന്നിലെ പേരില്ലാത്ത ചെറിയ കഥാപാത്രങ്ങളായും അഭിനയിച്ച സേതുപതിയുടെ കരിയര്‍ ബ്രേക്ക് ആയിരുന്നു സുന്ദര പാണ്ഡ്യനിലെ വില്ലന്‍ വേഷം. ശേഷം പിസ്സ, നടുവുല കൊഞ്ചം പാക്കാത്ത കാണോം, പന്നൈയാരും പദ്മിനിയും, ഓറഞ്ച് മിട്ടായി, ഇരൈവി, വിക്രം വേദ എന്നീ സിനിമകളിലൂടെ അദ്ദേഹം അഭിനയ പ്രതിഭ അടയാളപ്പെടുത്തി. സുന്ദര പാണ്ഡ്യനിലെ അഭിനയത്തിന് തമിഴ് നാട് സര്‍ക്കാരില്‍ നിന്നും മികച്ച വില്ലനുള്ള അവാര്‍ഡ് കിട്ടിയതാണ് ആദ്യത്തെ അംഗീകാരം.

2010 ലെ കാര്‍ത്തിക് സുബ്ബ രാജിന്റെ ‘തെന്‍ മേര്‍ക്കു പരുവ കാട്ര്’ എന്ന സിനിമയും സേതുപതിയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ സിനിമാ മോഹം കൊണ്ടു നടന്ന കൂട്ടത്തിനിടയില്‍ നിന്നും നായക നടനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.കാര്‍ത്തിക് സുബ്ബരാജിന്റെ തന്നെ ‘പീറ്റ് സ, ജിഗാര്‍ത്താണ്ട, ഇരൈവി, പേട്ട സിനിമകളിലും തകര്‍പ്പന്‍ പ്രകടനമാണ് വിജയ് സേതുപതി കാഴ്ചവച്ചിരുന്നത്.

ഇതിനകം തന്നെ 25 ല്‍ അധികം സിനിമകളാണ് മക്കള്‍ ശെല്‍വന്‍ നായകനായി പുറത്തിറങ്ങിയിരിക്കുന്നത്. ഈ സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളുമാണ്.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വിജയ് സേതുപതി വലുപ്പചെറുപ്പം നോക്കാറില്ല.എന്നും സാധാരണക്കാരില്‍ ഒരാളായി നില്‍ക്കാനാണ് അദ്ദേഹം എപ്പോഴും താല്‍പ്പര്യപ്പെട്ടിരുന്നത്. ലളിതമായ വസ്ത്രധാരണവും പെരുമാറ്റവും അതിന് പ്രകടമായ ഉദാഹരണങ്ങളാണ്.

കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെയും കമ്യൂണിസ്റ്റുകാരെയുമാണ് യഥാര്‍ത്ഥ ഹീറോകളായി വിജയ് സേതുപതി ജീവതത്തില്‍ ഇപ്പോഴും കാണുന്നത്. അത് അദ്ദേഹം തന്നെ പലവട്ടം പരസ്യമായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടിന് കട്ട സപ്പോര്‍ട്ടുമായാണ് വിജയ് സേതുപതി രംഗത്ത് വന്നിരുന്നത്. തമിഴ് നാട്ടില്‍ ഗജ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ പിണറായി സഹായധനം പ്രഖ്യാപിച്ചതിനെയും താരം പരസ്യമായി അഭിനന്ദിച്ചിരുന്നു. നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ അനുഭവം തന്നെ പിണറായിയുടെ ആരാധകനാക്കി മാറ്റിയെന്ന് തുറന്ന് പറയാനും വിജയ് സേതുപതി തയ്യാറായിരുന്നു.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ തമിഴകത്ത് നിന്നും വരുന്ന ഒരു വാര്‍ത്തയും ഈ താരത്തിന്റെ പെരുമ വര്‍ദ്ധിപ്പിക്കുന്നതാണ്.അതാകട്ടെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ കമല്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണ്.

കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍ 2 വില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഒരിക്കല്‍ നഷ്ടമായ ഈ വേഷം നാടകീയമായാണ് അദ്ദേഹം തിരിച്ചു പിടിച്ചിരിക്കുന്നത്.

മറ്റു സിനിമകളുടെ തിരക്ക് മൂലമായിരുന്നു ഇന്ത്യന്‍ 2 വില്‍ നിന്നും വിജയ് സേതുപതി നേരത്തെ ഒഴിഞ്ഞ് മാറിയിരുന്നത്. എന്നാല്‍ കമല്‍ഹാസന്‍ സിനിമയിലെത്തിയതിന്റെ അറുപതാം വര്‍ഷ ആഘോഷവേള ഇപ്പോള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചിരിക്കുകയാണ്.

ചടങ്ങില്‍ തനിക്ക് നഷ്ടമായ അവസരം തുറന്ന് പറഞ്ഞ വിജയ് സേതുപതി മറ്റൊരവസരം കമലിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. മക്കള്‍ ശെല്‍വന്റെ ഈ ആവശ്യമാണിപ്പോള്‍ കമലും ശങ്കറും ചേര്‍ന്ന് നിറവേറ്റിയിരിക്കുന്നത്.

തന്റെ മറ്റു സിനിമകളുടെ ചിത്രീകരണം മാറ്റിവെപ്പിച്ചാണ് ഇന്ത്യന്‍ 2 വില്‍ വിജയ് സേതുപതിയും സഹകരിക്കുന്നത്. ഫെബ്രുവരി പകുതിയോടെയാണ് താരത്തിന്റെ ഭാഗം ഇന്ത്യന്‍ 2 വില്‍ ചിത്രീകരിക്കുന്നത്.

തമിഴ് സിനിമാ ലോകം മാത്രമല്ല രാഷ്ട്രീയ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇന്ത്യന്‍ 2.

1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമയുടെ തുടര്‍ച്ചയാണിത്. അഴിമതിക്കും അനീതിക്കും എതിരെ കത്തിയെടുക്കുന്ന സേനാപതിയുടെ പുതിയ അവതാര ലക്ഷൃം എന്തു തന്നെയായാലും കമലിന്റെ ലക്ഷ്യം രാഷ്ട്രീയമാണ്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇന്‍ഡ്യന്‍ 2 റിലീസ് ചെയ്യണമെന്നതാണ് കമലിന്റെ ആഗ്രഹം.ഇതിന് അനുസൃതമായ രീതിയിലാണ് സംവിധായകനിപ്പോള്‍ ചിത്രീകരണം മുന്നോട്ട് കൊണ്ടു പോകുന്നത്.

സിനിമയും താരങ്ങളും രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന നാട്ടില്‍ പുതിയ ഇമേജാണ് കമല്‍ ഇന്ത്യനിലൂടെ ലക്ഷ്യമിടുന്നത്. 2021ലാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

രജനിയും കമലും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് തമിഴ് സിനിമാലോകവും ആഗ്രഹിക്കുന്നത്. ഇതിന് അനുകൂലമായാണ് രജനിയും ആദ്യ ഘട്ടത്തിലിപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

തമിഴക ഭരണം കുത്തകയാക്കി വച്ച ദ്രാവിഡ പാര്‍ട്ടികളെ സംബന്ധിച്ച് ചങ്കിടിപ്പിക്കുന്ന നീക്കമാണിത്. തെരഞ്ഞെടുപ്പിന് മുമ്പോ അതല്ലെങ്കില്‍ ശേഷമോ ഇരു താരങ്ങളും സഖ്യമായേക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടേയും കണക്കു കൂട്ടല്‍.

Staff Reporter

Top