പിണറായിയാണ് യഥാർത്ഥ ഹീറോ, തുറന്ന് പറഞ്ഞ് തമിഴ് സൂപ്പർതാരം വിജയ് സേതുപതി

കൊച്ചി: തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി എന്താണെന്ന് അറിയാത്തവര്‍ ഗൂഗിളില്‍ പരതിയാല്‍ മറുപടി കിട്ടും.

സിനിമാലോകത്തെ ടെക്‌നോളജി അതിവേഗം ഉപയോഗപ്പെടുത്തുന്ന തമിഴകത്ത് അതിവേഗം വളര്‍ന്ന് സ്വന്തമായ ഇരിപ്പിടം സ്വന്തമാക്കിയ സൂപ്പര്‍ താരമാണ് വിജയ് സേതുപതി.

സിനിമാ മേഖലയിലും പൊതുജീവിതത്തിലും കമ്യൂണിസ്റ്റു ജീവിത ശൈലി പിന്തുടരുന്ന താരമാണ് ഇദ്ദേഹം. ‘വിശക്കുന്ന വയറിന്റെ’ വേദന അകറ്റാന്‍ തന്നാല്‍ കഴിയുന്ന സഹായം ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ താരം. ഒരു പബ്ലിസിറ്റിയും കൊടുക്കാത്ത സേവനം.

പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ മാത്രമല്ല, പെരുമാറ്റത്തിലും തികഞ്ഞ മാന്യത പുലര്‍ത്തുന്ന താരമാണ് വിജയ് സേതുപതി. ഇപ്പോള്‍ കോളജ് വിദ്യാര്‍ത്ഥികളുടെ മുതല്‍ തെരുവിലെ അഴുക്ക് ചാല്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ വരെ സൂപ്പര്‍ ഹീറോ.

അങ്ങനെയുള്ള ഒരു താരമാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്.

‘ഇത്രയും ലാളിത്യമുള്ള മറ്റൊരു മുഖ്യമന്ത്രിയെ താനിതുവരെ കണ്ടിട്ടില്ലെന്നാണ് ‘സ്വകാര്യ സാറ്റലൈറ്റ് ചാനലിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം തുറന്ന് പറഞ്ഞത്.

ജാതീയതക്കെതിരെ പിണറായി ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണെന്നും വിജയ് സേതുപതി പറയുന്നു.

8bb99597-3357-475f-a144-5a297799f171

മറ്റു സംസ്ഥാനങ്ങളില്‍ ജാതീയതയുടെ പ്രശ്‌നം വളരെ രൂക്ഷമാണ്. എന്നാല്‍ കേരളം ഇതില്‍ നിന്നെല്ലാം വ്യതസ്തമാണ്. ഇതിനു കാരണം കേരളത്തിലെ ഭരണാധികാരികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതീയതക്കെതിരെ കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ ഊര്‍ജ്ജമാക്കി തമിഴകത്തും സി.പി.എം ഇടപെടല്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സൂപ്പര്‍ താരത്തിന്റെ അഭിപ്രായപ്രകടനം.

തമിഴകത്തിന്റെ മുഖ്യമന്ത്രിയെ പോലും അങ്ങോട്ട് പോയി കാണുകയോ അനുകൂലമായി സംസാരിക്കുകയോ ചെയ്യാത്ത താരമാണ് ‘മക്കള്‍ സെല്‍വന്‍’ എന്നറിയപ്പെടുന്ന വിജയ് സേതുപതി.

ഇദ്ദേഹത്തെ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടെ നിര്‍ത്താന്‍ ഡി.എം.കെയും എ.ഐ.എ.ഡി.എംകെയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിട്ടില്ല.

അഭിനയിച്ച സിനിമകളില്‍ ഭൂരിപക്ഷവും സൂപ്പര്‍ ഹിറ്റുകള്‍ ആയതോടെ വിജയ് സേതുപതിയുടെ താരമൂല്യവും തമിഴകത്തിപ്പോള്‍ വളരെ കൂടുതലാണ്.

യുവ സൂപ്പര്‍സ്റ്റാറുകളായ ദളപതി വിജയ്, അജിത്ത് എന്നിവരെ പോലെ തന്നെ വലിയ ആരാധക പടയും അവിടെ ഇദ്ദേഹത്തിനുണ്ട്.

Top