വീണ്ടും പ്രതിനായക വേഷത്തിൽ വിജയ് സേതുപതി; ‘ഉപ്പേന’ ട്രെയ്‍ലര്‍ പുറത്തു വിട്ടു

‘മാസ്റ്ററി’ല്‍ ‘ഭവാനി’ എന്ന പ്രതിനായക വേഷത്തിലൂടെ നിറഞ്ഞാടിയ വിജയ് സേതുപതി വീണ്ടുമൊരു വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ‘ഉപ്പേന’ എന്ന പുതിയ തെലുങ്കു ചിത്രത്തിൽ ‘റായനം’ എന്ന വില്ലനായാണ് വിജയ് സേതുപതി അവതരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാ നായകന്മാർ പുതുമുഖങ്ങളായ പഞ്ജ വൈഷ്ണവ് തേജും കൃതി ഷെട്ടിയുമാണ്. കാക്കിനടയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോർട്ട്.

മലയാളി ഛായാഗ്രാഹകനും സംവിധായകനുമായ ഷാംദത്ത് സൈനുദ്ദീന്‍ ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്നു. എഡിറ്റിംഗ് നവീന്‍ നൂളി. മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ചിത്രം ഈ മാസം 12നാണു തിയറ്ററുകളില്‍ എത്തുക .

Top