വിജയ് സേതുപതി ചിത്രം ‘ജുംഗ’ ജൂലൈ 27 ന് തിയേറ്ററുകളില്‍

Vijay Sethupathi

ചെന്നൈ: വിജയ് സേതുപതി നായകനായി എത്തുന്ന ഗ്യാങ്സ്റ്റര്‍- കോമഡി ചിത്രം ജുംഗ ജൂലൈ 27 ന് തിയേറ്ററുകളില്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസിങ് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഒരു പ്രെമോ വീഡിയോ പുറത്തിറക്കിയത്. ചിത്രത്തില്‍ അധോലോക നേതാവായാണ് താരം എത്തുന്നത്.

ജൂണ്‍ ആദ്യം പുറത്തിറങ്ങിയ ജുംഗയുടെ ട്രെയിലര്‍ തന്നെ ധാരാളം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘റൗതിരം’ ഫെയിം ഗോകുല്‍ ആണ് ജുംഗയുടെ സംവിധാനം. സയേഷ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിജയ് സേതുപതി നിര്‍മിക്കുന്ന ജുംഗയില്‍ മഡോണ, ചെറുതും എന്നാല്‍ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യോഗി ബാബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജുംഗയിലെ നൃത്തരംഗങ്ങള്‍ ഒരുക്കുന്നത് രാജു സുന്ദരമാണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സിദ്ധാര്‍ത്ഥ് വിപിനാണ്. രണ്ടാം തവണയാണ് ഗോകുലും വിജയ് സേതുപതിയും ഒന്നിക്കുന്നത്.’ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്.

Top