താന്‍ ബിഗ് ബോസിലെത്താന്‍ കാരണം വിജയ് സേതുപതിയാണെന്ന് ചേരന്‍

ടെലിവിഷന്‍ രംഗത്ത് തരംഗം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായി ബിഗ് ബോസ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലെത്തി. സിനിമാ- സീരിയല്‍ രംഗത്തെ പ്രമുഖര്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒന്നിച്ചു കഴിയുകയാണ് ബിഗ് ബോസിന്റെ തീം. ഇവര്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ് ഷോയെ മുന്നോട്ടു നയിക്കുന്നത്.

തമിഴില്‍ കമല്‍ഹാസന്‍ ബിഗ് ബോസായി നയിക്കുന്ന ഷോയില്‍ നടനും സംവിധായകനുമായ ചേരനുമുണ്ട്. ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥികള്‍ക്കായി ഒരു ചോദ്യോത്തര സെഷനുണ്ടായിരുന്നു. അതില്‍ ചേരനു ലഭിച്ച ചോദ്യം ഒരു സംവിധായകനെന്ന നിലയില്‍ പേരും പ്രശസ്തിയുമെല്ലാം നേടിയ താങ്കളോട് ബിഗ് ബോസില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചതാരാണെന്നായിരുന്നു. അതിന് ചേരന്‍ നല്‍കിയ മറുപടി വിജയ് സേതുപതി നിര്‍ബന്ധിച്ചിട്ടാണ് താന്‍ ബിഗ് ബോസില്‍ എത്തിയതെന്നായിരുന്നു.

ഓട്ടോഗ്രാഫാണ് ചേരന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അതിനു ശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ബിഗ് ബോസിലേത്തുമ്പോള്‍ വരുമാനം ലഭിക്കുമെന്നത് പ്രധാനഘടകമായി കണ്ടെങ്കിലും ചേരന്‍ എന്ന വ്യക്തിയെ ആളുകള്‍ മനസ്സിലാക്കുന്നതിനുള്ള അനുയോജ്യമായ വേദിയാണ് ബിഗ് ബോസ് എന്ന് ഉപദേശിച്ചത് വിജയ് സേതുപതിയാണെന്ന് ചേരന്‍ വെളിപ്പെടുത്തി.

സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള താരങ്ങളെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും ഒപ്പം ഒരുപാട് വിവാദങ്ങള്‍ക്കും ബിഗ് ബോസ് വഴിവച്ചിട്ടുണ്ട്. ഷോയില്‍ നിന്ന് പുറത്തു പോയ ഒരു താരം ചേരന്‍ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

Top