ഒരു ‘വിരൽ’ കൊണ്ട് തമിഴക രാഷ്ട്രീയ നേതാക്കളെ വട്ടം കറക്കി നടൻ വിജയ് !

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സര്‍ക്കാര്‍ സിനിമയിലൂടെ പറഞ്ഞ സന്ദേശം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയാകുന്നു. വിജയ് വചനം തമിഴക മക്കള്‍ സ്വീകരിച്ചാല്‍ അത് തമിഴക രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. തമിഴകത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും പരമ്പരാഗത രീതി പൊളിച്ചടുക്കി ജനങ്ങള്‍ നേരിട്ട് കണ്ടെത്തിയ പുതുമുഖങ്ങളെ അവതരിപ്പിച്ച് വിജയ് അവതരിപ്പിക്കുന്ന സുന്ദര്‍ എന്ന നായക കഥാപാത്രത്തിന്റെ നേതൃത്വത്തില്‍ തമിഴക ഭരണം പിടിക്കുന്ന കഥയാണ് സര്‍ക്കാറിലൂടെ സംവിധായകന്‍ മുരുകദാസ് പറയുന്നത്.

സിനിമയില്‍ അണ്ണാ ഡിഎംകെ സര്‍ക്കാറിനെയും ജയലളിതയെയും അപമാനിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്തു വന്നതോടെ വിവാദ രംഗങ്ങള്‍ വെട്ടിമാറ്റിയെങ്കിലും ജനങ്ങള്‍ സിനിമയെ ഏറ്റെടുത്ത കാഴ്ചയാണ് തമിഴകത്തിപ്പോള്‍. റെക്കോര്‍ഡ് കളക്ഷന്‍ നേടി പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന സര്‍ക്കാര്‍, വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കും ശക്തി പകര്‍ന്നിട്ടുണ്ട്.

പതിവ് വിജയ് സിനിമകള്‍ റിലീസാകുമ്പോഴുള്ള വിവാദം എന്നതിലുപരി ഇപ്പോഴത്തെ വിവാദത്തിന് വലിയ പ്രത്യേകത കൂടി രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നുണ്ട്. ജയലളിതയും കരുണാനിധിയും അന്തരിച്ചതോടെ ശൂന്യമായ തമിഴക രാഷ്ട്രീയത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ വിജയ് കാണുന്നുണ്ട് എന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. സിനിമയില്‍ ജനപ്രിയരായവരെ കണ്ടെത്തി സ്ഥാനാര്‍ത്ഥിയാക്കുന്ന നിലപാട് സ്വീകരിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് സിനിമാലോകത്തെയും അണിയറ സംസാരം.

തമിഴകത്ത് ഓരോ ജില്ലയിലും ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ള താരമാണ് ദളപതി വിജയ്. ഫാന്‍സ് അസോസിയേഷന് സ്വന്തമായി കൊടിയുള്ളതും വിജയ് ഫാന്‍സ് അസോസിയേഷനാണ്. ഭാവിയിലെ രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് വളരെ മുന്‍പ് തന്നെ വിജയ് ഫാന്‍സ് അസോസിയേഷന് കൊടി അടയാളമായി നല്‍കിയതെന്ന് മുന്‍പും വാര്‍ത്തകളുണ്ടായിരുന്നു.

sarkar

ജയലളിത മുഖ്യമന്ത്രിയായിരിക്കെ പുറത്തിറങ്ങിയ വിജയ് സിനിമ ‘തലൈവ’യില്‍ ‘ടൈം ടു ലീഡ് ‘ എന്ന് സബ്‌ടൈറ്റല്‍ കൊടുത്തതിനെതിരെ സര്‍ക്കാര്‍ തന്നെ കടുത്ത നിലപാട് സ്വീകരിക്കുകയുണ്ടായി. ഒടുവില്‍ ജയലളിതയുമായി വിജയും പിതാവ് ചന്ദ്രശേഖറും അനുനയ ചര്‍ച്ച നടത്തി വിവാദ വാചകം നീക്കിയതിനു ശേഷം മാത്രമാണ് പ്രദര്‍ശനം തുടരാന്‍ അനുവദിച്ചിരുന്നത്.

സമാന സാഹചര്യമാണ് ഇപ്പോഴും ഉണ്ടായത്. സര്‍ക്കാര്‍ നടപടി ഭയന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് വിവാദ രംഗം വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചത്. സംവിധായകന്‍ മുരുകദാസിനെതിരെ പൊലീസ് കേസെടുത്തതും ഈ നിലപാട് മാറ്റത്തിന് പ്രേരകമായി. വിവാദ രംഗങ്ങള്‍ കട്ട് ചെയ്‌തെങ്കിലും ഇപ്പോഴും തമിഴകത്ത് വിജയ് കൊളുത്തിയ തീ ആളി പടരുകയാണ്. ഒരു വോട്ടിന് ഉള്ള പ്രസക്തി സിനിമ ബോധ്യപ്പെടുത്തുന്നത്, വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമാകുമോ എന്ന ആശങ്ക പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലും ഇപ്പോള്‍ ശക്തമാണ്.

സൂപ്പര്‍ താരങ്ങളായ രജനിയും കമലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറായിരിക്കെ അവരുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് ദളപതി വിജയ് യുടെ നീക്കങ്ങള്‍ ആശങ്ക വിതച്ചിരിക്കുന്നത്. സിനിമയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്ന വിജയ് യുടെ നായക കഥാപാത്രം മുഖ്യമന്ത്രിയായി മുന്‍ ജില്ലാ കളക്ടറെ ഉയര്‍ത്തി കാട്ടിയത് തനിക്ക് അധികാര മോഹമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടിയാണ്. പുതിയ ഒരു ടീമിനെ രംഗത്തിറക്കി തമിഴക ഭരണം പിടിക്കാന്‍ ദളപതി രംഗത്തിറങ്ങുമോ എന്നാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

sarkar audio

അതേ സമയം വിജയ് ഉടനെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിക്കുന്നില്ലെങ്കില്‍ പിന്തുണ തേടാന്‍ പ്രതിപക്ഷമായ ഡി.എം.കെ മുതല്‍ സൂപ്പര്‍ താരങ്ങളായ രജനിയും കമലും വരെ വെയ്റ്റിങ്ങിലാണ്. സര്‍ക്കാര്‍ വിവാദം തമിഴകത്ത് അരങ്ങു തകര്‍ക്കുമ്പോഴും ഒരു പ്രതികരണവും നടത്താതെ എല്ലാം സൂഷ്മായി നിരീക്ഷിക്കുകയാണ് ഇപ്പോള്‍ വിജയ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിജയ് യുടെ പ്രതികരണത്തിനായി കാത്തു കെട്ടി കിടക്കുകയാണ്.

39 എം.പിമാരും 235 എം.എല്‍.എമാരും ഉള്ള തമിഴകം കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ തക്ക ശേഷിയുള്ള സംസ്ഥാനമാണ് എന്നതിനാല്‍ ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളും തമിഴകത്തെ സംഭവ വികാസങ്ങളെ ഗൗരവമായാണ് വീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: സുനില്‍ നാരായണന്‍

Top