‘സർക്കാറിലെ’ ദളപതി ഗൂഗിൾ സി.ഇ.ഒ.യോ ? തമിഴകത്ത് അഭ്യൂഹം, ദീപാവലിക്കെത്തും . .

ചെന്നൈ: തമിഴകത്തിപ്പോള്‍ രാഷ്ട്രീയ മേഖലയിലെയും ചര്‍ച്ച ദളപതി വിജയ് യുടെ ‘സര്‍ക്കാര്‍’ സിനിമയാണ്.

സിനിമയുടെ കഥ എന്താണെന്നത് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ഒരു രാഷ്ട്രീയ ത്രില്ലര്‍ ആണ് ‘സര്‍ക്കാര്‍’ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

സിനിമയുടെ പേരില്‍ മാത്രമല്ല ഇതിലെ പ്രധാന സീനുകളില്‍ ഒന്ന് ചിത്രീകരിച്ചത് ചെന്നൈയില്‍ വലിയ രാഷ്ട്രീയ സമ്മേളന നഗരിയുടെ സെറ്റിട്ടായിരുന്നു. രാഷ്ട്രീയ നേതാവായി പ്രധാന വേഷത്തില്‍ എത്തുന്നത് രാധാരവിയാണ്.

വിദേശത്ത് നിന്നും തമിഴകത്തെത്തി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഐടി വിദഗ്ധനായ കഥാപാത്രത്തെയാണ് നടന്‍ വിജയ് അവതരിപ്പിക്കുന്നത്.

ഇത് തമിഴന്‍ കൂടിയായ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചയുടേതിന് സമാനമായ കഥാപാത്രമാണെന്നാണ് ഇപ്പോള്‍ അഭ്യൂഹമുയര്‍ന്നിരിക്കുന്നത്.

വിവര സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് നിലവിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ പൊളിച്ചെഴുതി പുതിയ ചരിത്രം സൃഷ്ടിക്കുന്ന കഥാപാത്രമാണ് ദളപതിയുടേതെന്ന് ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്യമെന്തായാലും ‘മെര്‍സല്‍’ പോലെ ‘സര്‍ക്കാറും’ വലിയ രാഷ്ട്രീയ വിവാദമാകുമെന്ന കാര്യം ഉറപ്പ്.

ലോക് സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുറത്തിറങ്ങുന്ന സിനിമ ആയതിനാല്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സിനിമയിലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മെര്‍സലില്‍ ജി.എസ്.ടിയെ വിമര്‍ശിച്ച നായക കഥാപാത്രത്തിന്റെ നടപടിക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തു വന്നിരുന്നു. ദളപതിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമായി വരെ അതുമാറി.

എന്നാല്‍ രാജ്യവ്യാപകമായി വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മെര്‍സല്‍ സാമ്പത്തികമായി വന്‍ വിജയമാണ് നേടിയിരുന്നത്.

WhatsApp Image 2018-08-29 at 4.51.48 PM

‘സര്‍ക്കാറും’ വിവാദമാകും എന്ന കാര്യത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കപ്പുറം പ്രതിഷേധം വന്നാല്‍ അവഗണിക്കാന്‍ തന്നെയാണ് തീരുമാനം.

ഭരണപക്ഷമായ അണ്ണാ ഡി.എം.കെയെ പ്രതിരോധത്തിലാക്കുന്ന നിരവധി സൂപ്പര്‍ ഡയലോഗുകള്‍ ‘ സര്‍ക്കാറില്‍’ ദളപതി പറയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ലോക് സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തമിഴകത്ത് നിയമസഭ തിരഞ്ഞെടുപ്പും നടത്തിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്ന സാഹചര്യത്തില്‍ ‘സര്‍ക്കാര്‍’ സിനിമ ‘പാര’ ആകുമോ എന്ന കാര്യത്തില്‍ ഭരണപക്ഷത്ത് കടുത്ത ആശങ്കയുണ്ട്.

സിനിമയിലെ സന്ദേശങ്ങളെയും സിനിമാ താരങ്ങളെയും നെഞ്ചിലേറ്റുന്ന ജനതയാണ് തമിഴകത്ത് ഉള്ളത് എന്നതിനാല്‍ വിജയ് യെ പോലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലുള്ള ഒരു താരം പറയുന്ന വാക്കുകള്‍ ജനവിധിയില്‍ പ്രതിഫലിക്കാന്‍ സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

ദീപാവലിക്കാണ് ‘സര്‍ക്കാര്‍’ സിനിമ റിലീസ് ചെയ്യുന്നത്. ഇരുന്നൂറു കോടി രൂപയോളം ചിലവിട്ട് സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.

അന്തരിച്ച ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത ബന്ധുക്കളാണ് സണ്‍ പിക്‌ചേഴ്‌സ് ഉടമകള്‍ എന്നതിനാല്‍ ഡി.എം.കെക്ക് എതിരെ കടുത്ത കടന്നാക്രമണം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ അണികള്‍.

തലൈവരുടെ മരണശേഷം ഉള്ള സഹതാപം മുന്‍ നിര്‍ത്തി അധികാരത്തില്‍ വരാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് പാര്‍ട്ടി നേതാക്കളും.

എന്നാല്‍ ‘സര്‍ക്കാര്‍’ സിനിമയിലൂടെ തമിഴക രാഷ്ട്രീയത്തിലേക്കുള്ള ഒരു എന്‍ട്രി ആണ് വിജയ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഡി.എം.കെയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

നിലവില്‍ ഡി.എം.കെ അദ്ധ്യക്ഷന്‍ സ്റ്റാലിനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച സഹോദരന്‍ അളഗിരി രജനീകാന്തുമായി യോജിപ്പിലെത്താന്‍ നീക്കം നടത്തി വരികയാണ്.

WhatsApp Image 2018-08-29 at 4.56.37 PM (1)

തെക്കന്‍ ജില്ലകളില്‍ ഇപ്പോഴും കാര്യമായ സ്വാധീനമുള്ള അളഗിരിയെ കൂടെ നിര്‍ത്തണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് രജനിയോട് ആവശ്യപ്പെട്ടിരിക്കന്നത്. അണ്ണാ ഡി.എം.കെ രജനിയെ നേതാവായി അംഗീകരിച്ച് ഒപ്പം നില്‍ക്കണമെന്ന താല്‍പ്പര്യവും ബി.ജെ.പിക്കുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ രജനി മനസ്സു തുറന്നിട്ടില്ല.

കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയാകട്ടെ ഇടതുകക്ഷികളുമായും ആം ആദ്മി പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കി മത്സരിക്കാനാണ് ആലോചിക്കുന്നത്.

ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ രജനിയുമായി സഖ്യത്തിന് തയ്യാറാണെന്നാണ് കമലിന്റെ നിലപാട്.

അതേസമയം ഇടതുകക്ഷികളെയും കമലിനെയും ഒപ്പം കൂട്ടി അളഗിരിയുടെ വെല്ലുവിളി അതിജീവിക്കുന്ന കാര്യം ഡി.എം.കെയും പരിഗണിക്കുന്നുണ്ട്.

ഇങ്ങനെ പല ചേരികളിലായി സാമ്പാറ് പരുവത്തിലിരിക്കുന്ന തമിഴക രാഷ്ട്രീയ മേഖലയിലേക്കാണ് കൊടുങ്കാറ്റ് വിതച്ച് ‘സര്‍ക്കാറു’മായി വിജയ് എത്തുന്നത്.

സംസ്ഥാനത്ത് ഏറ്റവും അധികം യുവതീ – യുവാക്കള്‍ അംഗങ്ങളായുള്ള സംഘടിതമായ ഫാന്‍സ് അസോസിയേഷനാണ് ദളപതിക്ക് തമിഴകത്തുള്ളത്.

ഓരോ ജില്ലയിലും ലക്ഷക്കണക്കിന് ആളുകള്‍ ഇതില്‍ അംഗങ്ങളാണ്. ദളപതിക്കു വേണ്ടി ഉയിരു കൊടുക്കാന്‍ പോലും മടിക്കാത്ത ഈ ആരാധക കൂട്ടത്തെ മുന്‍ നിര്‍ത്തി വിജയ് യും രാഷ്ട്രീയത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമോ എന്ന ചോദ്യം തമിഴകത്തെ രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല, സാക്ഷാല്‍ രജനീകാന്തിന്റെ പോലും ഉറക്കം കെടുത്തി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ട്:ടി അരുണ്‍ കുമാര്‍

Top