ട്രംപിന്റെ വരവിനായി ചെലവാക്കിയത് 100 കോടിയല്ല, വെറും പന്ത്രണ്ടര കോടി

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനായി 100 കോടി രൂപ ചെലവഴിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വിജയ് രുപാണി.ട്രംപിനു വരവേല്‍പ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ സന്നാഹങ്ങള്‍ക്കും നഗര സൗന്ദര്യവത്ക്കരണത്തിനും മറ്റുമായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചുവെന്നതു വന്‍ വിവാദത്തിനിടയാക്കിയിരുന്നു.

ട്രംപ് അഹമ്മാദാബാദില്‍ തങ്ങിയ മൂന്നു മണിക്കൂറുകളുടെ ചെലവ് ഒരു മിനിട്ടിന് 55 ലക്ഷം രൂപ എന്നാണു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അതെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് വിജയ് രുപാണി പറയുന്നത്. ട്രംപിന്റെ സന്ദര്‍ശനത്തിനു സംസ്ഥാന സര്‍ക്കാര്‍ വെറും എട്ടു കോടിയും അഹമ്മദാബാദ് കോര്‍പറേഷന്‍ നാലര കോടിയും മാത്രമേ മുടക്കിയിട്ടുള്ളൂ എന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതല്ലാതെയുള്ള കണക്കുകളെല്ലാം പ്രതിപക്ഷ കക്ഷികളുടെ കെട്ടുകഥകള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരും കോര്‍പറേഷനും മുടക്കിയ പന്ത്രണ്ടരക്കോടിയില്‍ കവിഞ്ഞ ചെലവുകളെല്ലാം നഗര അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തേ തന്നെ അനുവദിക്കപ്പെട്ടതാണെന്നും ട്രംപിന്റെ സന്ദര്‍ശനവുമായി അതിന് ഒരു ബന്ധമില്ലെന്നുമാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സന്ദര്‍ശനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിച്ചുവെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഈ ധൂര്‍ത്തിനുള്ള ഫണ്ട് എവിടെനിന്നാണെന്നു വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Top