‘സർക്കാറി’ലൂടെ ദളപതി ഇനി . . സർക്കാർ ഉണ്ടാക്കുമോ ? അമ്പരപ്പിച്ച് നടൻ വിജയ് . .

ചെന്നെ: തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ് യുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പുതിയ സിനിമയുടെ പേര് ‘സർക്കാർ’ എന്നിട്ടത് തമിഴകത്തെ രാഷ്ട്രീയ പാർട്ടികളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞതായാണ് റിപ്പോർട്ടുകൾ.

അർദ്ധരാത്രി ഇറങ്ങിയ രണ്ടാമത്തെ പോസ്റ്ററും ശരിക്കും മാസാണ്. സോഷ്യൽ മീഡിയകളിൽ തരംഗമായി ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ കത്തിപ്പടരുകയാണ്.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മെർസൽ സിനിമയിൽ ജി.എസ്.ടിക്ക് എതിരായ വിമർശനങ്ങൾ ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാവുകയും ദേശീയ മാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവക്കുകയും ചെയ്തതിനാൽ ‘സർക്കാറിലൂടെ’ കേന്ദ്ര സർക്കാറിനെയും തമിഴക സർക്കാറിനെയും വിജയ് ലക്ഷൃമിടുന്നതായാണ് റിപ്പോർട്ടുകൾ.

ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരന്റെ സഹോദരൻ കലാനിധി മാരൻ നിർമ്മിക്കുന്ന സിനിമയായതിനാൽ തങ്ങളെ ‘കടന്നാക്രമിക്കില്ല’ എന്ന വിശ്വാസത്തിലാണ് പ്രതിപക്ഷമായ ഡി.എം.കെ നേതൃത്വം.

എന്നാൽ കമ്യൂണിസ്റ്റ് ആശയങ്ങളിലും ധീര വിപ്പവക്കാരി ചെഗുവേരയെയും ആരാധിക്കുന്ന സംവിധായകൻ മുരുകദാസ് മുൻപ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത ‘കത്തി’ സിനിമയിൽ കമ്യൂണസത്തിന്റെ ‘പൊരുൾ’ തുറന്ന് കാട്ടാൻ പ്രത്യേകം താൽപര്യമെടുത്ത സാഹചര്യത്തിൽ ‘സർക്കാറിലും’ കമ്യൂണിസം പറയുമോ എന്ന പേടിയിലാണിപ്പോൾ ഡി.എം.കെ.

മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ ലോക് സഭ – നിയമസഭ തെരെഞ്ഞെടുപ്പുകളിൽ തൂത്ത് വാരാമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കന്നത്.

തൂത്തുക്കുട്ടി വെടിവയ്പ്പുമായി ബന്ധപ്പെട്ട് സൂപ്പർ സ്റ്റാർ രജനീകാന്ത് പുറപ്പെടുവിച്ച പ്രസ്താവന തമിഴകത്ത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും അത് അദ്ദേഹം നായകനായ ‘കാലാ’ സിനിമയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡി.എം.കെയുടെ തമിഴക ‘പ്രതീക്ഷകൾ’ വളരെ വലുതാണ്.

Vijay

അതേ സമയം സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മുന്നോട്ട് പോകുന്ന കമൽ ഹാസനാകട്ടെ വിശാല പ്രതിപക്ഷ സഖ്യമാണ് ലക്ഷ്യമിടുന്നത്. സി.പി.എം, കോൺഗ്രസ്സ് നേതാക്കളുമായി ഇതിനകം ചർച്ച നടത്തിയ കമൽ പരസ്പര ധാരണയിൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ദ്രാവിഡ പാർട്ടികളുടെ കുത്തക അവസാനിപ്പിക്കാനും രജനി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വെല്ലുവിളി അതിജീവിക്കാനും ഇത്തരമൊരു ‘ധാരണ’ അനിവാര്യമാണെന്നാണ് കമൽ നേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

എന്നാൽ രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള നടൻ വിജയ് ഡി.എം.കെ നേതാവ് സ്റ്റാലിൻ ഉൾപ്പെടെ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന സകലരുടെയും ഉള്ളിൽ തീ കോരിയിട്ടാണ് ഇപ്പോൾ പിറന്നാൾ ദിനത്തിൽ ‘സർക്കാർ’ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തമിഴകത്ത് ദളപതിക്കുള്ള സ്വാധീനമാണ് ഇവരുടെ ചങ്കിടിപ്പിക്കുന്നത്.

ദീപാവലിക്ക് റിലീസ് ചെയ്യുന്ന ‘സർക്കാറിൽ’ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ നേതാവിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം രാധാ രവിയാണ്.

ആയിരങ്ങൾ അണിനിരന്ന രാഷ്ട്രീയ സമ്മേളനം സിനിമക്കായി കോടികൾ ചിലവിട്ട് ചെന്നൈയിൽ ചിത്രീകരിച്ചപ്പോൾ തന്നെ രാഷ്ട്രീയവുമായ ബന്ധപ്പെട്ട കഥയാണ് ഇതിലെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാൽ സിനിമയുടെ പേര് തന്നെ ‘സർക്കാർ ‘ എന്ന് ഇപ്പോൾ പ്രഖ്യാപിച്ച് ‘അതുക്കും മീതെ’യുള്ള പ്രതീക്ഷകളാണ് ആരാധകർക്ക് വിജയ് നൽകിയിരിക്കുന്നത്. മാസ് പേരിൽ തമിഴക മക്കൾ ഇപ്പോൾ ശരിക്കും ത്രില്ലിലാണ്.

ജയലളിതയുടെ മരണത്തിനു ശേഷം രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന തമിഴകത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനങ്ങളും രജനിയും കമലുമൊന്നും അല്ല ദളപതി വിജയ് തന്നെയാണ് നയിക്കേണ്ടതെന്നാണ് വിജയ് ആരാധകർ ആഗ്രഹിക്കുന്നത്.

സിനിമയിൽ സൂപ്പർ താരങ്ങളായി വിലസുമ്പോൾ തന്നെ രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിമാരായി ചരിത്രം സൃഷ്ടിച്ചവരാണ് എം.ജി.രാമചന്ദ്രനും, ജയലളിതയും.

ആന്ധ്രയിൽ സൂപ്പർ സ്റ്റാർ എൻ.ടി.രാമറാവുവും സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് ആന്ധ്ര തൂത്ത് വാരിയത്.

Vijay

രാഷ്ട്രീയവും സിനിമയും പരസ്പരം ഇടകലർന്ന് കിടക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും ദൈവതുല്യമായാണ് താരങ്ങളെ ജനങ്ങൾ നോക്കിക്കാണുന്നത്.

തമിഴകത്ത് ഓരോ ജില്ലയിലും രാഷ്ട്രീയ പാർട്ടികളെ ഞെട്ടിക്കുന്ന രൂപത്തിൽ ലക്ഷക്കണക്കിന് ആരാധകരും ശക്തമായ സംഘടനാ സംവിധാനവും ഉള്ളത് ദളപതിക്കാണ്. ഫാൻസ് അസോസിയേഷന് സ്വന്തമായി പതാക സാക്ഷാൽ രജനിക്ക് പോലും ഇല്ലങ്കിലും ഇവിടെ ദളപതിക്കുണ്ട്.

ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും വിജയ് നടത്തി വരുന്നുണ്ട്.

ഏറ്റവും ഒടുവിൽ തൂത്തുക്കുടി വെടിവയ്പിൽ കൊല്ലപ്പെട്ടവർക്കുള്ള ധനസഹായം വിജയ് തന്നെ അർദ്ധരാത്രി നേരിട്ട് പോയി നൽകിയാണ് ബന്ധുക്കളെ ആശ്വസിപ്പിച്ചത്.

മാധ്യമ പ്രവർത്തകരെയും പൊലീസിനെയും ഫാൻസ് അസോസിയേഷൻ പ്രവർത്തകരെയും അറിയിക്കാതെ രഹസ്യമായി ബൈക്കിന് പിന്നിൽ ഇരുന്ന് നടത്തിയ സന്ദർശനത്തിന്റെ ഫോട്ടോ മരണപ്പെട്ടവരുടെ ബന്ധുക്കൾ വിജയ് അറിയാതെ എടുത്ത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തതോടെയാണ് പുറം ലോകം അറിഞ്ഞത്.

വലിയ അഭിനന്ദന പ്രവാഹമാണ് ഇതേ തുടർന്ന് അദ്ദേഹത്തിന് ലഭിച്ചത്.ഈ ഒരു തരംഗം നിലനിൽക്കെ തന്നെയാണ് ഇപ്പോൾ പുതിയ സിനിമ ‘സർക്കാറിന്റെ’ പോസ്റ്ററും തമിഴകം ഏറ്റെടുത്തിരിക്കുന്നത്.

തമിഴകത്ത് ആത്യന്തികമായി അഴിമതി രഹിതമായ ഒരു ‘ജനകീയ സർക്കാർ’ ഉണ്ടാക്കുക എന്ന് തന്നെയാണ് ‘സർക്കാറി’ലൂടെ വിജയ് ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അതിന് വിജയ് ഇപ്പോൾ നേതൃത്വം നൽകിയാലും ഇല്ലങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ വരുന്ന തെരെഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

തമിഴകത്തെ പോലെ തന്നെ കേരളത്തിലും വിജയ് ആരാധകർ ഇവിടുത്തെ സൂപ്പർ താരങ്ങളുടെ അംഗസംഖ്യയേക്കാൾ വളരെ കൂടുതലാണ്.

മോഹൻലാൽ -മമ്മുട്ടി ആരാധകർ ഉൾപ്പെടെ വിജയ് ആരാധകരായതാണ് ഈ കരുത്തിന് കാരണം.

Top