രാജ്യത്തിന് പുറത്തും സൂപ്പർസ്റ്റാർ, ദളപതി മുന്നേറ്റത്തിൽ അമ്പരന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ

ടുവില്‍, അക്കാര്യത്തിലും ഇപ്പോള്‍ തീരുമാനമായിരിക്കുകയാണ്. തമിഴകത്തെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നടന്‍ അജിത് കുമാറിന്റെ ‘തുനിവിനെ’ ബഹുദൂരം പിന്തള്ളി ദളപതിയുടെ വാരിസാണ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ഇടം നേടിയ വാരിസ് ഇതിനകം തന്നെ ആഗോള തലത്തില്‍ 200 കോടി പിന്നിട്ടു കഴിഞ്ഞു. ജനുവരി 18 വരെ ഉള്ള കണക്കുകൾ പ്രകാരം ചിത്രം 210 കോടി കളക്ഷൻ നേടി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്.

ബോക്സ് ഓഫീസിലെ ഈ മുന്നേറ്റം തുടര്‍ന്നാല്‍, 500 കോടി വരെ കളക്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബ ചിത്രമെന്ന പ്രചരണം ഹിന്ദി – തെലങ്കു ബെല്‍റ്റില്‍ പോലും വലിയ സ്വീകാര്യതയാണ് വാരിസിന് ഉണ്ടാക്കിയിരിക്കുന്നത്.യാതൊരു തരത്തിലുമുള്ള പ്രൊമോഷനുമില്ലാതെയാണ് ചിത്രം ഹിന്ദി മാര്‍ക്കറ്റില്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ‘കുത്തേയോടൊപ്പമാണ് ‘ ചിത്രം റിലീസിനെത്തിയത്. എന്നാല്‍, വാരിസ് കുത്തേയേക്കാളും വലിയ വിജയമാണ് നേടിയിരിക്കുന്നത്. ഗുജറാത്തിലും ഒഡീഷയിലും, ‘കുത്തേയേക്കാളും’ ആളുകളെ ആകര്‍ഷിച്ചതും വാരിസാണ്. ഗുജറാത്തില്‍ കുത്തേ നേടിയതിനേക്കാളും അഞ്ച് മടങ്ങ് കളക്ഷനാണ് വാരിസ് നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഏറെ വൈകി ജനുവരി 14നാണ് റിലീസ് ചെയ്തതെങ്കിലും ഇവിടെ ലേറ്റായാലും ലേറ്റസ്റ്റായി തന്നെയാണ് വിജയ് വന്നിരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ വാരിസ് സൂപ്പര്‍ ഹിറ്റാണ്. അമേരിക്ക, ബ്രിട്ടണ്‍, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ഫ്രാന്‍സ് തുടങ്ങി….യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വരെ മികച്ച പ്രതികരണമാണ് ദളപതിയുടെ ഈ സിനിമക്ക് ലഭിച്ചിരിക്കുന്നത്. ഇത് വിജയ് എന്ന താരത്തിന്റെ താരമൂല്യമാണ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.

വാരിസ് -തുനിവ് സിനിമകളുടെ റിലീസ് ഇന്ത്യയില്‍ വിജയ് – അജിത്ത് പോരാട്ടമായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. റിലീസ് ദിവസം ഒരു അജിത് ആരാധകന്‍ മരണപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യവും തമിഴകത്തുണ്ടായി. നിരവധി തിയറ്ററുകളിലും സംഘര്‍ഷമുണ്ടായി. ഇരു താരങ്ങളുടെയും ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയതിനാല്‍ ചെന്നൈയില്‍ പൊലീസിന് ലാത്തിചാര്‍ജും നടത്തേണ്ടി വന്നു. വെറി പിടിച്ചവരെ പോലെ തല – ദളപതി രസികര്‍ പരസ്പരം പോരടിച്ച മത്സരത്തിലാണ് ദളപതി വിജയ് വെന്നിക്കൊടി നാട്ടിയിരിക്കുന്നത്. ഈ നേട്ടം ദളപതിയെ സംബന്ധിച്ച് മധുരമായ ഒരു പ്രതികാരം കൂടിയാണ്. ആദ്യം റിലീസ് പ്രഖ്യാപിച്ച വാരിസിന് വെല്ലുവിളി ഉയര്‍ത്തി അതേ തിയ്യതിയില്‍ തുനിവ് റിലീസ് ചെയ്ത മന്ത്രി ഉദയനിധിയുടെ വിതരണ കമ്പനിക്കുള്ള ചുട്ട മറുപടി കൂടിയാണിത്.

ദളപതിയുടെ ‘സ്റ്റാറിടം’ തകര്‍ക്കാന്‍ ബോധപൂര്‍വ്വമാണ് തുനിവ് അതേ ദിവസം റിലീസ് ചെയ്തതെന്നാണ് വിജയ് കരുതുന്നത്. തമിഴകത്തെ ഏറ്റവും പ്രബലമായ സിനിമാ വിതരണ കമ്പനിയാണ് ഉദയനിധിയുടേത് എന്നതിനാല്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചതും ആദ്യ പ്രദര്‍ശനം നടത്തിയതും അജിത്തിന്റെ തുനിവാണ്. രണ്ട് സിനിമകളും ഒരുമിച്ചു വന്നില്ലായിരുന്നു എങ്കില്‍ റെക്കോര്‍ഡ് നേട്ടം റിലീസ് ദിനത്തില്‍ തന്നെ സ്വന്തമാക്കാന്‍ വാരിസിനു കഴിയുമായിരുന്നു. ആ അവസരമാണ് തച്ചുടക്കപ്പെട്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ രാഷ്ട്രീയത്തിലെ വാരിസാണ് ഉദയനിധി സ്റ്റാലിന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പ്പര്യമുള്ള ദളപതി വിജയ് യെ ഭാവിയിലെ വെല്ലുവിളിയായാണ് ഡി.എം.കെ നേതാവ് കൂടിയായ ഉദയനിധി നോക്കി കാണുന്നത്. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് വിജയ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചാല്‍ അത് ഡി.എം.കെയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

സിനിമാ താരങ്ങളായ എം.ജി.രാമചന്ദ്രനും ജയലളിതയും മുഖ്യമന്ത്രിമാരായ നാടാണത്. ഉദയനിധിയുടെ മുത്തച്ഛന്‍ കരുണാനിധിയോട് കലഹിച്ച് പുറത്തു പോയാണ് , അക്കാലത്തെ സൂപ്പര്‍ താരമായിരുന്ന എം.ജി.രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍, അണ്ണാ ഡി.എം.കെ രൂപീകരിച്ച് തമിഴ് നാട് ഭരണം പിടിച്ചിരുന്നത്. പിന്നീട് എം.ജി.ആറിന്റെ പിന്‍ഗാമിയായി ജയലളിതയും മുഖ്യമന്ത്രി പദത്തിലെത്തുകയുണ്ടായി. ജയലളിതയുടെ മരണത്തോടെ, അണ്ണാ ഡി.എം.കെയും ശിഥിലമായിരിക്കുകയാണ്. സ്റ്റാലിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉദയനിധി എന്നതാണ് ഡി.എം.കെയുടെ മറുപടി. എന്നാല്‍, ഉദയനിധിക്ക് എതിരി ആര് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ഘട്ടത്തിലാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശന സാധ്യത വീണ്ടും സജീവമാകുന്നത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ആ മുന്നണി തമിഴക ഭരണം പിടിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതു പോലെയാകില്ല, വിജയ് ഇറങ്ങിയാല്‍ എന്നതാണ് ഉദയനിധിയോടുള്ള അവരുടെ മുന്നറിയിപ്പ്.

എം.ജി.ആറിന് ഉണ്ടായിരുന്നതു പോലെ തമിഴ് നാട്ടിലെ ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ വിപുലമായ ആരാധക കരുത്ത് ദളപതിക്കുണ്ട്. എന്തിനും പോന്ന യുവാക്കളുടെ വന്‍ പടതന്നെയാണിത്. മാത്രമല്ല, നടന്‍ അജിത്തിനെ അപേക്ഷിച്ച് കുടുംബങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകളിലും മുതിര്‍ന്നവരിലും വലിയ സ്വാധീനവും വിജയ് എന്ന നടനുണ്ട്. ഇതെല്ലാം വോട്ടായി മാറിയാല്‍ തമിഴകത്തിന്റെ ‘തലവര’ തന്നെ മാറ്റാന്‍ ദളപതിക്കു കഴിയും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ഉദയനിധി, ദളപതി വിജയ് യുടെ സ്റ്റാറിടത്തിന് മങ്ങല്‍ ഏല്‍പ്പിക്കാന്‍ അജിത്തിനെ രംഗത്തിറക്കിയതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. വിജയ് സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയതില്‍ അസന്തുഷ്ടിയുളള അജിത്താകട്ടെ ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു അജിത്ത് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് തുനിവിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. വിജയ് സിനിമക്കു വരേണ്ട കളക്ഷന്‍, തുടക്കത്തില്‍ ഭിന്നിച്ചു പോയതാണ് ഇതിനു പ്രധാന കാരണം.

റിലീസ് ചെയ്ത ദിവസം കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചിരുന്നത് അജിത്തിന്റെ തുനിവ് സിനിമക്കായിരുന്നതിനാല്‍ ആരംഭത്തില്‍ തമിഴകത്ത് തുനിവിന് ചെറിയ മേല്‍ക്കോയ്മയും ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തമിഴകത്തും ‘കളം’ വിജയ് തിരിച്ചു പിടിച്ചിരിക്കുകയാണ്. വാരിസ് കാണുവാന്‍ കുടുംബങ്ങള്‍ തിയറ്ററുകളിലേക്ക് കൂട്ടത്തോടെ ഒഴുകുന്ന സാഹചര്യമാണുള്ളത്. ഇതു മൂലം തുനിവിന്റെ ഷോകള്‍ വെട്ടി കുറക്കാനും തിയറ്റര്‍ ഉടമകള്‍ നിര്‍ബന്ധിതമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ പ്രവണത വര്‍ദ്ധിക്കുന്നതോടെ തുനിവിനാണ് വന്‍ പ്രഹരമായി മാറുക.


EXPRESS KERALA VIEW

Top