വിജയ് ഇനി ബോളിവുഡിലേക്ക്;അരങ്ങേറ്റം അറ്റ്‌ലി ചിത്രത്തിലൂടെ

ഷാരൂഖ് ഖാൻ, നയൻതാര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണിൽ വിജയ് അതിഥിതാരമായി എത്തിയേക്കും. ചിത്രത്തിൽ വിജയ് ഒരു നിർണായക കഥാപാത്രമായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു.അറ്റ്‌ലിയുമായും ഷാരൂഖ് ഖാനുമായും അടുപ്പമുള്ള വിജയ് ചിത്രത്തിലെത്താനുള്ള സാധ്യതയേറെയാണ്. വിജയുടെ വമ്പൻ ഹിറ്റുകളായ തെറി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് അറ്റ്‌ലിയായിരുന്നു.

ബീസ്റ്റാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം നിരാശപ്പെടുത്തിയെന്നും ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.കഴിഞ്ഞ 13-നാണ് തീയേറ്ററുകളിൽ റിലീസിന് എത്തിയത്. 150 കോടിയായിരുന്നു ചിത്രത്തിന്റെ ആകെ ബജറ്റ്. വീര രാഘവൻ എന്ന റോ എജന്റായാണ് വിജയ് ചിത്രത്തിൽ എത്തിയത്.
പൂജ ഹെഗ്‌ഡേ, സെൽവ രാഘവൻ, ഷൈൻ ടോം ചാക്കോ, അപർണ ദാസ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി വിജയ് അഭിനയിക്കുന്നത്. ദിൽരാജു നിർമിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയാവുന്നത്.

Top