വിജയ് മല്യയെ അനുകൂലിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; മോഷ്ടാവെന്ന് വിളിക്കുന്നതില്‍ യോജിപ്പില്ല

ന്യൂഡല്‍ഹി: വിജയ് മല്യയെ അനുകൂലിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മല്യയെ മോഷ്ടാവെന്ന് വിളിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം ഇത്രയും കാലം സാമ്പത്തിക ക്രമക്കേടുകള്‍ ഒന്നും കാണിച്ചിട്ടില്ലെന്നുമാണ് ഗഡ്ഗരി പറയുന്നത്. നാലു പതിറ്റാണ്ടോളം വ്യവസായ പാരമ്പര്യമുള്ള ആളാണ് മല്യ. കടക്കെണിയില്‍പ്പെട്ട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നയാളെ കള്ളനെന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

നീരവ് മോദിയോ വിജയ് മല്യയോ സാമ്പത്തികത്തട്ടിപ്പ് നടത്തിയെങ്കില്‍ അവരെ തീര്‍ച്ചയായും ജയിലിലടയ്ക്കണം. എന്നാല്‍ സാമ്പത്തികമായി അവര്‍ തകര്‍ന്നു നില്‍ക്കുന്ന വേളയില്‍ അവരെ തട്ടിപ്പുകാരെന്ന് മുദ്രകുത്തരുതെന്നും വ്യാപാരരംഗത്തുണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ പ്രവചിക്കാന്‍ കഴിയില്ലെങ്കില്‍ അതനുഭവിക്കുന്ന വ്യക്തിക്ക് പിന്തുണ നല്‍കേണ്ടതാവശ്യമാണെന്നും ഗഡ്കരി പറയുന്നു.

9000 കോടിയോളം രൂപയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് മല്യ നിയമനടപടികള്‍ നേരിടുന്നത്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമെന്ന് ഡിസംബര്‍ 10 ന് ബ്രിട്ടീഷ് കോടതി വിധി പ്രസ്താവിച്ചിരുന്നു. വായ്പയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ ഇതിനിടെ ട്വീറ്റ് ചെയ്തിരുന്നു.

Top