വായ്പകള്‍ തിരിച്ചടച്ചില്ല; വിജയ് മല്യക്ക് ലണ്ടനിലെ ആഡംബര വീട് നഷ്ടമാകും

ലണ്ടന്‍: കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ ലണ്ടനിലെ ആഡംബര വീട് ഉടന്‍ ജപ്തി ചെയ്യും. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ മല്യയുടെ 95 വയസുള്ള അമ്മ ലളിതയാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

യുബിഎസ് ബാങ്കിന്റെ ജപ്തി നടപടിക്ക് എതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് കോടതി നടപടി സ്‌റ്റേ ചെയ്തിരുന്നില്ല. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പെടെ പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്.

എന്നാല്‍ മല്യക്ക് പണം തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ താത്കാലിക സ്‌റ്റേ നല്‍കാനും ജഡ്ജി തയ്യാറായില്ല. കുടിശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

ലണ്ടനിലെ ഈ ആഡംബര വീടിനെ ‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ 2020 ഏപ്രില്‍ 30 വരെ മല്യയ്ക്ക് കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ഈ കാലയളവിന് ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ബാങ്കിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

Top