ജെറ്റ് എയര്‍വേയ്‌സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കൂ; ബാങ്കുകളോട് വിജയ് മല്യ

ന്യൂഡല്‍ഹി: കടക്കെണിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേയ്‌സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കാന്‍ ബാങ്കുകളോട് വിജയ് മല്യയുടെ നിര്‍ദേശം. തന്റെ പേരിലുള്ള വായ്പകള്‍ തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍കെട്ടി വെക്കാമെന്ന് പറഞ്ഞ4,400 കോടി ഉപയോഗിച്ച് ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിച്ചു കൂടേയെന്നാണ് മല്യയുടെ ചോദ്യം.

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ തന്റെപണം ഉപയോഗിക്കാന്‍ ട്വിറ്ററിലൂടെയാണ് മല്യ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ജെറ്റ് എയര്‍വേയ്‌സിന് പ്രതിസന്ധി തരണം ചെയ്യാന്‍ ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന സാമ്പത്തികസഹായം നല്ലത് തന്നെയാണ്. ഇതേ രീതിയില്‍ കിങ്ഫിഷറിനും സഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ടാകുമായിരുന്നു.’ മല്യ ട്വിറ്ററില്‍ കുറിച്ചു.

‘4000 കോടി രൂപയാണ് താന്‍ കിങ്ഫിഷറില്‍ നിക്ഷേപിച്ചത്, വിമാനക്കമ്പനി ജീവനക്കാരേയും കമ്പനിയേയും രക്ഷിക്കാന്‍ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ രാജ്യത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണുണ്ടായത്. അന്ന് സഹായഹസ്തം നീട്ടാത്ത സ്ഥാപനങ്ങള്‍ ഇന്ന് ജെറ്റ് എയര്‍വേയ്‌സിനായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആഹ്‌ളാദം തോന്നുന്നു’. മല്യ കൂട്ടിച്ചേര്‍ത്തു.

Top