Vijay Mallya Tweets, ‘Did Not Flee, Am An International Businessman’

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നുവെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ. ‘താനൊരു അന്താരാഷ്ട്ര വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇടക്കിടെ യാത്ര ചെയ്യാറുണ്ടെന്നും മല്യ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നു. കോടതിയുടെ വിചാരണ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ല എന്നും മല്യ ട്വിറ്ററില്‍ കുറിച്ചു.

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഫയല്‍ ചെയ്ത അപ്പീലില്‍ സുപ്രീം കോടതി മല്യക്ക് നോട്ടീസയച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ലണ്ടനിലേക്ക് കടന്നതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലെ ആഡംബര വസതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതു വഴി 9000 കോടി രൂപ എസ്.ബി.ഐ അടക്കം പതിനേഴോളം ബാങ്കുകള്‍ക്ക് തിരിച്ച് കിട്ടാനുണ്ട്. മല്യ തന്റെ മദ്യക്കമ്പനിയായ കിങ് ഫിഷര്‍ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോക്ക് വില്‍പന നടത്തുകയും യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതുവഴി കിട്ടിയ 515 കോടി രൂപ തിങ്കളാഴ്ച ബാംഗ്‌ളൂരിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ മരവിപ്പിച്ചിരുന്നു.

Top