Vijay Mallya – MP

ലക്‌നൗ: രേഖകളില്‍ കടക്കാരനെന്ന വിശേഷണം ലഭിച്ചപ്പോഴും വിജയ് മല്യയുടെ ആഡംബരജീവിതം നാട്ടിലെങ്ങും പാട്ടായിരുന്നു. അതേസമയം രാജ്യസഭാ എം.പിക്ക് ചെലവിനത്തില്‍ ലഭിച്ചിരുന്ന 6000 രൂപ പോലും അദ്ദേഹം ഒഴിവാക്കിയിരുന്നില്ലെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

യു.പിക്കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദിന്റെ ആവശ്യപ്രകാരം വിജയ് മല്യക്ക് ലഭിച്ചുവരുന്ന സാമ്പത്തിക ആനുകൂല്യങ്ങളുടെ കണക്ക് കഴിഞ്ഞദിവസമാണ് രാജ്യസഭ സെക്രട്ടേറിയറ്റ് നല്‍കിയത്.

എം.പി എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളമായ അരലക്ഷം രൂപ മല്യ മുടങ്ങാതെ വാങ്ങിയിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു. ഇതോടൊപ്പം വിമാനയാത്ര ഒഴികെ മറ്റെല്ലാ ചെലവുകളും അദ്ദേഹം എഴുതിയെടുക്കാറുമുണ്ടായിരുന്നു.

2010 ജൂലായ് മുതല്‍ സപ്തംബര്‍ വരെ പ്രതിമാസം 20,000 രൂപയാണ് മണ്ഡല ആനുകൂല്യമായി മല്യക്ക് ലഭിച്ചിരുന്നത്. പിന്നീട് ഈ തുക 45,000 രൂപയായി ഉയര്‍ത്തുകയും ചെയ്തു.

ഇതോടൊപ്പം ഓഫീസ് ചെലവിനത്തില്‍ ആദ്യകാലത്ത് 6,000 രൂപയും പിന്നീട് 15,000 രൂപയും കൈപ്പറ്റിവന്നു. 50,000 സൗജന്യ ലോക്കല്‍ കോളുകള്‍ ഉണ്ടായിരുന്നിട്ടും ടെലഫോണ്‍ ഇനത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ വരെ അദ്ദേഹം എഴുതിയെടുത്തിരുന്നു.

വര്‍ഷങ്ങളോളം സര്‍ക്കാരിന്റെ ആനുകൂല്യം കൈപ്പറ്റിയ മല്യ ഒടുവില്‍ സര്‍ക്കാരിനെ പറ്റിച്ച് നാടുവിടുകയും ചെയ്തു.
കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്യുലറിന്റെയും പിന്തുണയോടെ 2002-ലാണ് വിജയ് മല്യ ആദ്യമായി രാജ്യസഭ എം.പിയാകുന്നത്.

പിന്നീട് 2010-ല്‍ ബി.ജെ.പിയും ജെ.ഡി.എസും ചേര്‍ന്ന് രണ്ടാമതും എം.പിയാക്കി. ജൂലായ് 2016 വരെയാണ് മല്യയുടെ കാലാവധി. വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് നാടുവിട്ട വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.

Top