vijay mallya extradition from uk to take a minimum of 6- 12 months

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

വിജയ് മല്യ ജാമ്യത്തില്‍ പുറത്തിറങ്ങിയത് ഞങ്ങളെ നിരാശരാക്കുന്നില്ല. മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികളിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു അന്വേഷണ ഏജന്‍സിക്കോ, സര്‍ക്കാരിനോ ബ്രിട്ടനില്‍ നിന്ന് ഒരു പ്രതിയെ വിട്ടുകിട്ടുക എള്ളുപ്പമല്ല. ബ്രിട്ടനില്‍ തന്നെ പ്രാദേശിക കോടതികളിലും മേല്‍ക്കോടതികളിലുമായി പന്ത്രണ്ടോളം വിചാരണകള്‍ നേരിടേണ്ടി വരും. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും സംയുക്ത സംഘം ലണ്ടനില്‍ എത്തി മല്യയെ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. മല്ല്യയെ വിട്ടുകിട്ടേണ്ടതുണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ കോടതിയെ ബോധിപ്പിക്കണം. ഇതിനെ എതിര്‍ക്കാര്‍ മല്ല്യക്കും അവകാശമുണ്ട്. ഇതുസംബന്ധിച്ച വാദത്തിന് ശേഷമാകും മല്ല്യയെ കൈമാറുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.

കഴിഞ്ഞ ദിവസം ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത മല്യക്ക് ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് മല്യയെ കോടതിയില്‍ ഹാജരാക്കിയത്. മൂന്നു മണിക്കൂര്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ മല്ല്യ ഉണ്ടായിരുന്നത്.

6.50 ലക്ഷം പൗണ്ട് (എകദേശം 5.32 കോടി ഇന്ത്യന്‍ രൂപ) കെട്ടിവെച്ചാണ് മല്ല്യ ജാമ്യം നേടിയത്. മല്ല്യക്ക് എതിരായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. മെയ് 17നാണ് കേസിന്റെ അടുത്ത വാദം. മല്ല്യക്കെതിരെ ശക്തമായ കേസുകളുണ്ടെന്നും അതിനാല്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ഇയാളെ വിട്ടുതരണമെന്നും ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു.

എസ്.ബി.ഐ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ പിടികൂടപ്പെടുമെന്ന ഘട്ടമെത്തിയതോടെ മല്യ രാജ്യം വിടുകയായിരുന്നു.
ഇതുസംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ് .

Top