മാവോയിസ്റ്റ് വേട്ടക്ക് വിജയകുമാറിന് ചുമതല, ‘തൂത്ത് വാരാനുറച്ച് ‘ കേന്ദ്ര ആഭ്യന്തരവകുപ്പ്

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍മാരെ കൂട്ടകുരുതി നടത്തിയ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ‘അവസാനിപ്പിക്കാന്‍’ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ശക്തമായി തിരിച്ചടിക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് ഇതിനായി വീരപ്പന്‍ വേട്ടക്ക് നേതൃത്യം നല്‍കിയ മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാറിന് പ്രത്യേക ചുമതല കൈമാറിയിരിക്കുകയാണ്.

സിആര്‍പിഎഫ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലക്ടാകിയയോടും വിജയകുമാറിനോടും ഛത്തിസ്ഗഡില്‍ തങ്ങി ‘ഓപ്പറേഷന്‍’ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം തിരിച്ചു വന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

2004ല്‍ കാട്ടു കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടി വധിക്കുകയും ചെന്നൈ സിറ്റിയില്‍ എന്‍കൗണ്ടറിലൂടെ ഗുണ്ടകളെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്ത വിജയകുമാര്‍ മുന്‍ സി ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ കൂടിയാണ്.

കേരളത്തില്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന ഓപ്പറേഷന് നിര്‍ണ്ണായക വിവരം നല്‍കിയതും ഇദ്ദേഹമാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടക്കാണ് ഇപ്പോള്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സിആര്‍പിഎഫ് ജവാന്‍മാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളും ഇവിടുത്തെ സുരക്ഷാ വീഴ്ചകളും കണ്ടെത്താനും, മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി നല്‍കി അവരെ പിഴുതെറിയുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനും രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത രണ്ട്–രണ്ടര മാസത്തിനുള്ളില്‍ കൃത്യമായ ഫലം ലഭിച്ചിരിക്കണമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സുരക്ഷാ വീഴ്ചകളില്‍ ആഭ്യന്തരമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിആര്‍പിഎഫിന്റെ ആയുധശേഖരവുമായി ബന്ധപ്പെട്ടും, സമയാസമയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇന്റലിജന്‍സ് സംവിധാനവുമായി ബന്ധപ്പെട്ടും നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സര്‍ക്കാര്‍ തന്ത്രം പുനഃപരിശോധിക്കുമെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ യോഗം മേയ് എട്ടിനു വിളിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനു സ്വീകരിച്ചുപോന്ന തന്ത്രങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മാവോയിസ്റ്റുകള്‍ ആദിവാസികളെ മറയാക്കി ഉപയോഗിക്കുകയാണെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു.

Top