തമിഴ് രാഷ്ട്രീയ നേതാക്കളെ ഞെട്ടിച്ച് വിജയ്, പുതിയ സിനിമ പറയുന്നത് ദ്രാവിഡ രാഷ്ട്രീയം

Vijay

ചെന്നൈ: രാജ്യത്ത് വലിയ വിവാദത്തിനു തിരി കൊളുത്തിയ മെര്‍സല്‍ സിനിമക്ക് ശേഷം ദളപതി വിജയ് അഭിനയിക്കുന്ന പുതിയ സിനിമയില്‍ പറയുന്നത് ദ്രാവിഡ രാഷ്ട്രീയം.

എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്ന രാധാരവി ‘ആയി മാമൂക്കാ’ എന്ന പാര്‍ട്ടിയുടെ നേതാവായാണ് അഭിനയിക്കുന്നത്. തമിഴകത്തെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ നേതാവിനോട് സാമ്യം തോന്നുന്ന രൂപത്തിലാണ് രാധാരവിയുടെ പ്രകടനം.

രാഷ്ട്രീയ അസ്ഥിരതയുള്ള സംസ്ഥാനത്ത് രജനിയും കമലും രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരിക്കെയാണ് സകലരെയും ഞെട്ടിച്ച് അണിയറയില്‍ ദളപതി പോര്‍മുഖം തുറക്കുന്നത്.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് വലിയ സ്വാധീനശക്തിയുള്ള താരമാണ് വിജയ്. ലക്ഷക്കണക്കിന് ആരാധകര്‍ ഓരോ ജില്ലയിലും ഉള്ള ഈ താരത്തിന്റെ ഫാന്‍സ് അസാസിയേഷന് സ്വന്തമായി കൊടിപോലും ഉണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് കൊടിയിലൂടെയുള്ള ഈ മുന്‍കരുതലത്രെ.

Vijay

ലോക് സഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും തമിഴകത്ത് നടക്കുമെന്നതിനാല്‍ ദളപതിയുടെ രാഷ്ട്രീയ സിനിമക്ക് തമിഴകത്ത് വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞേക്കും. വിജയ് നായകനായി അടുത്തയിടെ പുറത്തിറങ്ങിയ ‘മെര്‍സല്‍’ സിനിമ തമിഴകത്ത് വലിയ ചലനമാണ് സൃഷ്ടിച്ചിരുന്നത്.

ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയും സംസ്ഥാന നേതാക്കളും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയുണ്ടായി.
ജി.എസ്.ടിക്കെതിരായി സിനിമയിലെ നായക കഥാപാത്രം ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ബി.ജെ.പിക്കെതിരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക – സിനിമാ പ്രവര്‍ത്തകരുമെല്ലാം ശക്തമായി രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി. ദേശിയ മാധ്യമങ്ങളിലും ഈ സംഭവം വലിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടു.

മെര്‍സലിന്റെ വന്‍ വിജയത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും തമിഴക രാഷ്ട്രീയ നേതാക്കളെ ചങ്കിടിപ്പിച്ചു കൊണ്ട് പുതിയ സിനിമ വരുന്നത്.

താല്‍ക്കാലികമായി ‘ദളപതി 62’ എന്ന പേരിട്ട സിനിമയുടെ ഷൂട്ടിങ് ദ്യശ്യങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഷ്ട്രീയ സമ്മേളനം ചിത്രീകരിക്കുന്നതിനായി ചെന്നൈയില്‍ ബ്രഹ്മാണ്ട സെറ്റാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്.

Vijay

വെള്ള ഷര്‍ട്ട് ധരിച്ച ആര്‍ക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ടു മണി മുതല്‍ 4 മണി വരെ സംവിധായകന്‍ അനുമതി നല്‍കിയിരുന്നു. വരുന്ന ദീപാവലിക്ക് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം.

മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ നേതാവ് കരുണാനിധിയുടെ അടുത്ത ബന്ധുവായ കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ പിക്ചേഴ്സാണ് സിനിമ നിര്‍മ്മിക്കുന്നത്.

നിര്‍മ്മാതാവ് ബന്ധുവാണെങ്കിലും സിനിമയില്‍ ഡി.എം.കെക്ക് എതിരായ നിലപാട് ഉണ്ടാകുമോയെന്ന ആശങ്ക പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നു കഴിഞ്ഞു.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും ഇല്ലങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രിയ നിലപാട് തമിഴകത്തിന്റെ വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ദളപതി സിനിമയില്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ ആരാധകരും വലിയ ആകാംക്ഷയിലാണ്. രാഷ്ട്രീയമായാലും സിനിമയായാലും വിജയ് എന്തു പറഞ്ഞാലും അത് പ്രാവര്‍ത്തികമാക്കാന്‍ രംഗത്തിറങ്ങുമെന്ന നിലപാടിലാണ് അനുയായികള്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് നായകനായി പുറത്തിറങ്ങിയ ‘തലൈവ’ സിനിമക്ക് ജയലളിത ഭരണകൂടം വിഘാതം സൃഷ്ടിച്ചത് റിലീസിങ്ങിനെ തടസ്സപ്പെടുത്തിയിരുന്നു.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സാക്ഷാല്‍ ജയലളിത പോലും ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം. പിന്നീട് ഏറെ സമ്മര്‍ദ്ദഫലമായി ചില രംഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയതോടെയാണ് ജയലളിത സര്‍ക്കാര്‍ അയഞ്ഞത്.

തിയറ്റര്‍ ഉടമകളെയും വിതരണക്കാരെയും ഭയപ്പെടുത്തിയ അന്നത്തെ ജയലളിത സര്‍ക്കര്‍ നടപടി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Vijay

അതേ സമയം ദളപതിയുടെ പിന്തുണ തേടാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും നടന്‍ കമല്‍ ഹാസനും ഇതിനകംതന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവര്‍ രണ്ടു പേരുമായും വളരെ അടുത്ത ബന്ധമാണ് ദളപതിക്കുള്ളത്.

കമല്‍ ഹാസന്‍ താന്‍ രൂപീകരിച്ച ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടിയുടെ പ്രചരണവുമായി തമിഴകത്ത് ഓടി നടക്കുകയാണ്. രജനിയാവട്ടെ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മാത്രം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താമെന്ന നിലപാടിലുമാണ്.

ബി.ജെ.പി അനുകൂലിയായി വിലയിരുത്തപ്പെടുന്ന രജനി കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ സംഭവങ്ങളില്‍ ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രമായിട്ടാണ് ഈ നിലപാടിനെ അവര്‍ നോക്കിക്കാണുന്നത്.

എം.ജി.ആറിനും ജയലളിതക്കും ശേഷം തമിഴ് സിനിമയിലെ ഏത് സൂപ്പര്‍ താരമാണ് രാഷ്ട്രീയത്തിലും താരമാകാന്‍ പോകുന്നതെന്ന് അറിയാന്‍ ദേശീയ പാര്‍ട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Vijay

രജനിയുടെ പാര്‍ട്ടി ഭരണം പിടിച്ചാല്‍ കേന്ദ്രത്തില്‍ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേ സമയം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും മതേതര ചേരിക്കൊപ്പം കമല്‍ ഹാസന്‍ നില്‍ക്കുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമാണുള്ളത്.

ജയലളിതയുടെ പിന്‍ഗാമി കസേര ലക്ഷൃമിടുന്ന ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെയാണ് ഈ അപ്രതീക്ഷിത സംഭവങ്ങളെല്ലാം മുള്‍മുനയില്‍ നിര്‍ത്തുന്നത്.

സിനിമാ മേഖല രാഷ്ട്രീയത്തെ ‘ഹൈജാക്ക് ‘ ചെയ്യാന്‍ ഒരവസരം ഇനി ഉണ്ടായാല്‍ പിന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.

ഇതോടൊപ്പം തന്നെ ഡി.എം.കെ അനുകൂലികളായ താരങ്ങളെ ഒപ്പം നിര്‍ത്തി പ്രചരണത്തിനിറക്കാനും ഡി.എം.കെ.ക്ക് പദ്ധതിയുണ്ട്. മകനും നടനുമായ ഉദയനിധി സ്റ്റാലിനാണ് ഇതിന്റെ ചുമതല. ഇവരുടെയെല്ലാം കണക്ക്കൂട്ടലുകള്‍ ഇനി ദളപതി തകിടം മറിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇതിനിടെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടത് തമിഴകത്ത് സ്ഥിതി അതീവ ഗുരുതരമാക്കിയിട്ടുണ്ട്. സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ അലയടിക്കുന്നത്.

റിപ്പോര്‍ട്ട്: ടി. അരുണ്‍ കുമാര്‍

Top