വിജയ് ഹസാരെ ട്രോഫി; നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ തോല്‍പ്പിച്ച് ത്രിപുര

മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ തോല്‍പ്പിച്ച് ത്രിപുര. ആദ്യം ബാറ്റ് ചെയ്ത ത്രിപുര ബിക്രം കുമാര്‍ ദാസ്(59), സുദീപ് ചാറ്റര്‍ജി(61), ഗണേഷ് സതീഷ്(71) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു.

ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട് 35 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഹര്‍വിക് ദേശായിയെയും ഷെല്‍ഡണ്‍ ജാക്‌സണെയും ചിരാഗ് ജെയ്‌നിയെയും തുടക്കത്തിലെ നഷ്ടമായി. 13-3ലേക്ക് വീണ സൗരാഷ്ട്രയെ ചേതേശ്വര്‍ പൂജാരയും(24), അര്‍പിത് വാസവദയും ചേര്‍ന്ന് കരകയറ്റാന്‍ നോക്കിയെങ്കിലും പാര്‍ട്ട് ടൈം സ്പിന്നര്‍ ജോയ്‌ദേബ് ദേബിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 31.4 ഓവറില്‍ സൗരാഷ്ട്ര 110 റണ്‍സിന് ഓള്‍ ഔട്ടായി. ജോയ്‌ദേബ് 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. പൂജാരയെ പേസര്‍ ബിക്രം ദേബ്നാഥ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് സൗരാഷ്ട്ര തകര്‍ന്നടിഞ്ഞത്.

സ്‌കോറുകള്‍ ചുരുക്കത്തില്‍:
ഗ്രൂപ്പ് എ: ത്രിപുര: 50 ഓവറില്‍ 258/8 (ബിക്രം കുമാര്‍ ദാസ് 59, സുദീപ് ചാറ്റര്‍ജി 61, ഗണേഷ് സതീഷ് 71; ജയദേവ് ഉനദ്ഘട്ട് 5/35) സൗരാഷ്ട്ര: 31.4 ഓവറില്‍ 110 ഓള്‍ഔട്ട് (ചേതേശ്വര്‍ പൂജാര 24; ജോയ്‌ദേബ് ദേബ് 15-5 , മുര സിംഗ് 2/13)

Top