വിജയ് ഹസാരെ ട്രോഫി; വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; അഖിന്‍ സത്താറിന് നാല് വിക്കറ്റ്

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 30 റണ്‍സുമായി മടങ്ങി. 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ നാലിന് 127 എന്ന നിലയിലാണ്. സഞ്ജുവിന് പുറമെ വിഷ്ണു വിനോദ് (4), രോഹന്‍ കുന്നുമ്മല്‍ (4), സച്ചിന്‍ ബേബി (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖില്‍ സ്‌കറിയ (27), അബ്ദുള്‍ ബാസിത് (39) എന്നിവര്‍ ക്രീസിലുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 49.1 ഓവറില്‍ 185 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ 20 വയസുകാരന്‍ അഖിന്‍ സത്താറിന്റെ മിന്നുന്ന ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് കേരളം കരുത്ത് കാണിച്ചത്. 10 ഓവറില്‍ 39 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ശ്രേയാസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വീതവും അഖില്‍ സ്‌കറിയയും ബേസില്‍ എന്‍പിയും ഓരോ വിക്കറ്റുമായും അഖിന് ഉറച്ച പിന്തുണ നല്‍കി. ആറാമനായി ക്രീസിലെത്തി 121 പന്തില്‍ 98 റണ്‍സുമായി പൊരുതിയ വിശ്വരാജ്‌സിംഗ് ജഡേജയുടെ ഇന്നിംഗ്‌സാണ് സൗരാഷ്ട്രയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ക്യാപ്റ്റന്‍ ജയ്ദേവ് ഉനദ്ഖട് 37 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു കേരളത്തിന് 17 റണ്‍സിനിടെ കേരളത്തിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദ് (4), രോഹന്‍ കുന്നുമ്മല്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്നത് സഞ്ജു-സച്ചിന്‍ ബേബി സഖ്യം ഇരുവരും 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സച്ചിന്‍ ബേബി അങ്കുര്‍ പന്‍വാറിന്റെ പന്തില്‍ പുറത്തായി. അധികം വൈകാതെ സഞ്ജുവിനേയും അങ്കുര്‍ മടക്കി. സഞ്ജുവിനെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് ഈ മോശം പ്രകടനം. കേരളം പ്രതിരോധത്തില്‍ നില്‍ക്കെ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള അവസരം സഞ്ജുവിനുണ്ടായിരുന്നു.

Top