വിജയ് ഹസാരെ ട്രോഫി; കര്‍ണാടകയ്ക്ക് ജയിക്കാന്‍ 323 റണ്‍സ്

ന്യൂഡല്‍ഹി: കര്‍ണാടകയ്ക്ക് ജയിക്കാന്‍ 323 റണ്‍സ് വിജയലക്ഷ്യം. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ യുവതാരം പൃഥ്വി ഷായുടെ ഷായ്ക്ക് സെമിയിലും വിരാമമില്ല. ഒരു ഇരട്ടസെഞ്ചുറിയും ഇരട്ടസെഞ്ചുറിയുടെ വക്കോളമെത്തിയ മറ്റൊരു സെഞ്ചുറിയുമായി ഇത്തവണ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ഷാ, ഇത്തവണ തച്ചുതകര്‍ത്തത് നിലവിലെ ചാംപ്യന്‍മാരായ കര്‍ണാടകയുടെ ബോളിങ് ആക്രമണത്തെ.

സെമി പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്കായി ഓപ്പണറായെത്തി തകര്‍ത്തടിച്ച ഷാ, മറ്റൊരു ഉജ്വല സെഞ്ചുറിയുമായാണ് തിരികെ കയറിയത്. 122 പന്തില്‍നിന്ന് 165 റണ്‍സടിച്ച ഷായുടെ മികവില്‍ മുംബൈ 49.2 ഓവറില്‍ നേടിയത് 322 റണ്‍സ്.

ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ നാലാം സെഞ്ചുറിയാണിത്. ഇതില്‍ ഒരെണ്ണം ഇരട്ടസെഞ്ചുറിയാണ്. പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 227 റണ്‍സെടുത്ത പൃഥ്വി ഷാ പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഷായുടെ മികവിലാണ് മുംബൈ ജയിച്ചത്. അന്ന് 185 റണ്‍സോടെയും ഷാ പുറത്താകാതെ നിന്നു.

തുടക്കത്തില്‍ മന്ദഗതിയില്‍ മുന്നേറിയ പൃഥ്വി ഷാ, പിന്നീട് ഗിയര്‍ മാറ്റി. 48 പന്തില്‍നിന്നാണ് ഷാ അര്‍ധസെഞ്ചുറി പിന്നിട്ടത്. അവിടുന്നങ്ങോട്ട് സെഞ്ചുറിയിലേക്ക് വേണ്ടിവന്നത് 31 പന്തുകള്‍ മാത്രം. 111 പന്തില്‍നിന്നാണ് ഷാ 150 കടന്നത്. മറ്റൊരു ഇരട്ടസെഞ്ചുറി കൂടി ആരാധകര്‍ സ്വപ്നം കണ്ടെങ്കിലും വ്യക്തിഗത സ്‌കോര്‍ 165ല്‍ നില്‍ക്കെ വൈശാഖ് ഷായെ എല്‍ബിയില്‍ കുരുക്കി.

 

 

 

Top