വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം

വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരളം ശക്തരായ എതിരാളികള്‍ക്കെതിരെയാണ് ഇറങ്ങുക. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. രാജ്‌കോട്ടില്‍ രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. ഇന്ന് മഹാരാഷ്ട്രയെ തോല്പിക്കാനായാല്‍ കേരളം ക്വാര്‍ട്ടറിലെത്തും.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന രോഹന്‍ കുന്നുമ്മലിന്റെ മോശം ഫോം കേരളത്തെ സാരമായി ബാധിക്കുന്നുണ്ട്. സച്ചിന്‍ ബേബി, വിഷ്ണു വിനോദ് എന്നിവരും സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണ്. സഞ്ജു ചില മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചു. അഖില്‍ സ്‌കറിയ, അഖിന്‍ എം സത്താര്‍, വൈശാഖ് ചന്ദ്രന്‍ തുടങ്ങിയ ബൗളര്‍മാരാണ് കേരളത്തിന്റെ ശക്തി.മറുവശത്ത്, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമതുള്ള അങ്കിത് ബാവ്‌നെ മഹാരാഷ്ട്രയ്ക്കായി തകര്‍പ്പന്‍ ഫോമിലാണ്. മറ്റൊരു മഹാരാഷ്ട്ര താരം ഓം ഭോസാലെ ഏഴാമതുണ്ട്. മഹാരാഷ്ട്ര ടോപ്പ് ഓര്‍ഡറിനെ നിയന്ത്രിച്ചുനിര്‍ത്തുക എന്നതാവും കേരള ബൗളര്‍മാരുടെ ഏറ്റവും വലിയ വെല്ലുവിളി.

അവസാന മത്സരത്തില്‍ റെയില്‍വേയ്‌സിനെതിരെ പരാജയപ്പെട്ടത് കേരളത്തിനു തിരിച്ചടിയായെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയത് പോസിറ്റീവാണ്. ഏറെക്കാലത്തിനു ശേഷമാണ് സഞ്ജു ലിസ്റ്റ് എയില്‍ ഒരു സെഞ്ചുറി നേടുന്നത്. ശ്രേയാസ് ഗോപാല്‍ ഒഴികെ ബാക്കിയുള്ളവരൊക്കെ നിരാശപ്പെടുത്തിയപ്പോള്‍ സഞ്ജുവിന്റെ പോരാട്ടമാണ് കേരളത്തെ വിജയത്തിനരികെ എത്തിച്ചത്. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ സഞ്ജു പുറത്താവുകയായിരുന്നു.ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയിട്ടും ഹെഡ് ടു ഹെഡ് നിയമക്കുരുക്കില്‍ പ്രീ ക്വാര്‍ട്ടര്‍ കളിക്കേണ്ടിവന്ന കേരളം ആകെ ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം വിജയിച്ചാണ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്.

 

Top