മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് വിജയ് ഗോയല്‍

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.

പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ബില്‍ അടുത്തയാഴ്ച രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് വിജയ് ഗോയല്‍ അറിയിച്ചത്.

വിവാഹവും വിവാഹ മോചനവും സിവില്‍ വിഷയമാണെന്നും അതില്‍ ക്രിമിനല്‍ നടപടി ഉള്‍പ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും ചൂണ്ടിക്കാട്ടി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയായിരുന്നു ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോകസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ മുസ്ലിം വ്യക്ത നിയമ ബോര്‍ഡ് എതിര്‍ത്തിരുന്നു.

Top