കെജ്‌രിവാളിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രിമാര്‍ക്കെതിരേ ബിജെപി മന്ത്രി വിജയ് ഗോയല്‍

ന്യൂഡല്‍ഹി : ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം തുടരുന്ന അരവിന്ദ് കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയല്‍. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനുനേരെ കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ മന്ത്രിമാരുടെ അക്രമമുണ്ടായപ്പോള്‍ ഈ നാല് മുഖ്യന്മാരും എവിടെയായിരുന്നെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിമാരെല്ലാം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് തലസ്ഥാനത്തെത്തിയത്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ല. ഇത് അവര്‍ക്കു ചേര്‍ന്ന പ്രവൃത്തിയല്ലന്നും ഗോയല്‍ പറഞ്ഞു. കേജ്‌രിവാളിന് മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതുപോലെ അന്‍ഷു പ്രകാശിന് ഈ നാല് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.

ശനിയാഴ്ച രാത്രിയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്തുന്ന അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി എന്നിവരാണ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത്.

Top