ലോക മീറ്റില്‍ പി.യു.ചിത്രയുടെ പങ്കാളിത്തം, ഉത്തരവാദിത്വം ഫെഡറേഷനെന്ന് വിജയ് ഗോയല്‍

ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു.ചിത്രയെ ഉള്‍പ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്ലറ്റിക് ഫെഡറേഷനാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍.

ഇതുസംബന്ധിച്ച നിര്‍ദേശം അത്ലറ്റിക് ഫെഡറേഷന് നല്‍കുമെന്നും വിജയ് ഗോയല്‍ പറഞ്ഞു.

അതിനിടെ, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയിരുന്നു. 23 അംഗ ടീമാണ് ഇന്ത്യയ്ക്കായി ലണ്ടനില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. പി.ടി.ഉഷ ഉള്‍പ്പെടുന്ന അടുത്ത സംഘം 31ന് പുറപ്പെടാനിരിക്കെയാണ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.

എന്നാല്‍, ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചിരുന്നു. അതിനാല്‍ ചിത്രയ്ക്ക് അനുകൂലമായ കോടതി വിധി ഉണ്ടെങ്കിലും, ലണ്ടനില്‍ മല്‍സരിക്കാന്‍ സാധിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Top