വിജയ് എന്താണെന്ന് എണ്ണിപ്പറഞ്ഞ് എതിരിക്ക് മാസ് മറുപടി നൽകി പിതാവ്

ളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകത്തിപ്പോള്‍ ചൂടുള്ള ചര്‍ച്ച. അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തലോടെ അഭ്യൂഹവും ശക്തമായിരിക്കുകയാണ്.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് പിതാവ് ചന്ദ്രശേഖര്‍. അത് എപ്പോഴെന്ന് വിജയ് തന്നെ തീരുമാനിക്കുമെന്ന നിലപാടിലാണ് അദ്ദേഹം. പ്രധാന മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ അത് എപ്പോഴാണ് എന്ന കാര്യത്തില്‍ മാത്രമാണ് അവര്‍ക്കും സംശയമുളളത്. 2021ല്‍ വിജയ് കളത്തില്‍ ഇറങ്ങുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. മറുവിഭാഗമാകട്ടെ 2026 ല്‍ ആണ് ദളപതിയുടെ തേരോട്ടം നടക്കുകയെന്നാണ് വിശ്വസിക്കുന്നത്.

‘മാസ്റ്റര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.

സാമുദായികമായി ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നീക്കത്തില്‍ വിജയ് വലിയ കോപത്തിലാണ്. അദ്ദേഹം പെട്ടന്ന് തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന അഭ്യൂഹത്തിന് കാരണവും ഇതു തന്നെയാണ്.

തനിക്കെതിരായ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിനെതിരെ രജനി പ്രതികരിക്കാത്തതിലും വിജയ് അസ്വസ്ഥനാണ്.

ക്രിസ്തുമതത്തിലേക്ക് വിജയ് ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്നാണ് പുതിയ ആരോപണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിജയ് സേതുപതി തന്നെ നേരത്തെ രംഗത്തു വന്നിരുന്നു. ഈ പ്രചരണത്തിന് ദളപതിയുടെ പിതാവ് ചന്ദ്രശേഖറും മാസ് മറുപടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

തെളിവുകള്‍ ഉള്‍പ്പെടെ പുറത്ത് വിട്ടാണ് വിജയ്‌ക്കെതിരായ പ്രചരണത്തെ പിതാവ് പ്രതിരോധിച്ചിരിക്കുന്നത്.

ക്രിസ്തു കുടുംബത്തില്‍ പിറന്നയാളാണ് താന്‍, ശോഭയെ പ്രണയിച്ചാണ് വിവാഹം കഴിച്ചിരുന്നത്. അവര്‍ ഒരു ഹിന്ദുവാണ്. ഞങ്ങളുടെ വിവാഹം ചര്‍ച്ചിലല്ല നടന്നതെന്നും എസ്എ ചന്ദ്രശേഖര്‍ തുറന്നടിച്ചു. ശിവാജി ഗണേശന്റെ ഭാര്യ താലിയെടുത്ത് നല്‍കി ധര്‍മ്മ പ്രകാശിലാണ് അന്ന് വിവാഹം നടന്നിരുന്നത്.

45 വര്‍ഷമായി ഇന്നുവരെ തന്റെ ഭാര്യയുടെ സ്വാതന്ത്രത്തില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂജ ചെയ്തും ഭക്തിയോടുമാണ് ഭാര്യ മുന്നോട്ട് പോകുന്നത്. ഇതു സംബന്ധമായ ദൃശ്യങ്ങളും ചന്ദ്രശേഖര്‍ പുറത്തുവിട്ടിട്ടുണ്ട്.

പ്രണയിച്ച സമയത്ത് മൂന്നു തവണയാണ് പ്രണയ സാഫല്യത്തിനായി ദളപതിയുടെ പിതാവ് മൊട്ടയടിച്ചിരുന്നത്.

തന്റെ കൂടെ അസിസ്റ്റന്റുമാരായി ധാരാളം പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവരെ സമുദായ അടിസ്ഥാനത്തിലല്ല എടുത്തിരുന്നതെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കഴിവു നോക്കിയാണ് എല്ലാവരേയും എടുത്തത്. ഒരു ക്രിസ്ത്യാനി പോലും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലന്ന കാര്യംകൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് എസ്.എ ചന്ദ്രശേഖരുടെ അസിസ്റ്റന്റായി മുമ്പ് ജോലി ചെയ്തിരുന്നത്.

സംഗീതയെ വിജയ് വിവാഹം ചെയ്തത് ക്രിസ്തു മത രീതിയിലാണെന്ന ആരോപണവും പിതാവ് തളളി.

രജിസ്ട്രാഫീസില്‍ സര്‍ട്ടിഫിക്കറ്റുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ചര്‍ച്ചിലാണ് കല്യാണം നടന്നതെന്ന വാദവും വിവാഹ ഫോട്ടോ പുറത്ത് വിട്ട് ചന്ദ്രശേഖര്‍ പൊളിച്ചടുക്കിയിട്ടുണ്ട്.

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാകണം. അതല്ലങ്കില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്പലങ്ങളിലെ ചടങ്ങുകളില്‍ വിജയ് പങ്കെടുത്ത ദൃശ്യങ്ങളും പിതാവ് പുറത്തുവിട്ടിട്ടുണ്ട്. ശിവന്റെ അമ്പലത്തില്‍ ഗിരിവലം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി വിജയ് ആണ് മുന്‍പ് തുറന്ന് വച്ചിരുന്നത്.

കഥാപാത്രങ്ങളുടെ വേഷം നോക്കി ഒരു താരത്തിന്റെയും വിശ്വാസത്തെ വിലയിരുത്തരുതെന്നും ചന്ദ്രശേഖര്‍ അഭ്യര്‍ത്ഥിച്ചു.

താന്‍ ഹിമാലയത്തില്‍ മൂന്ന് തവണയും കൈലാസത്തില്‍ രണ്ടു തവണയും പോയ കാര്യവും അദ്ദേഹം വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

മകനെ, താന്‍ സ്വപ്നത്തില്‍ പോലും കരുതാത്ത ഉയരത്തിലേക്കാണ് ഇവരെല്ലാം കൊണ്ടു പോകുന്നതെന്നാണ് ആ പിതാവിന്റെ വിലയിരുത്തല്‍. വിമര്‍ശനങ്ങള്‍ പോലും വിജയ്ക്ക് ഗുണമായാണ് മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജനപ്രീതിയാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

ജോസഫ് വിജയ് എന്നു ബി.ജെ.പി നേതാക്കള്‍ വിളിക്കുന്നതിന് മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പുതിയ തലമുറ രാഷ്ട്രീയത്തില്‍ വന്നാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ. അത് ആരായാലും വേണ്ടില്ലന്നാണ് ചന്ദ്രശേഖറിന്റെ അഭിപ്രായം.

രജനിയും കമലും യോജിച്ച് വരണമെന്ന തന്റെ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടതായും എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു.

രണ്ടു പേര്‍ തനിച്ച് മത്സരിച്ചാല്‍ വോട്ട് ഭിന്നിക്കുമെന്ന് തോന്നിയതിനാലാണ് മുമ്പ് അങ്ങനെ പറഞ്ഞത്.

എന്നാല്‍ ഈ രണ്ടു പേരില്‍ ഒരാള്‍ ഇപ്പോള്‍ ദേശീയതയെ പറ്റി മാത്രമാണ് സംസാരിക്കുന്നത്. മറ്റേയാള്‍ ആകട്ടെ കാര്യമായി എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രജനിയുടെ പെരുമാറ്റം നിരാശാജനകമാണ്. അത് ജനങ്ങള്‍ക്ക് തന്നെ ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. കമല്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ രജനിയുടെ കാര്യത്തില്‍ സമീപകാലത്ത് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്. വിജയ് തന്റെ സിനിമകളിലൂടെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നതായും പിതാവ് ചൂണ്ടികാണിക്കുകയുണ്ടായി.

ചന്ദ്രശേഖറിന്റെ ഈ അഭിപ്രായ പ്രകടനമാണ് തമിഴകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇതിന് പല തരം വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് വിലയിരുത്തലുകള്‍ നടക്കുന്നത്.

അതേസമയം ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന സമ്മര്‍ദ്ദം ദളപതിക്കുമേല്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ നാഥനില്ലാത്ത തമിഴകത്തിന് 2021 ല്‍ പുതിയ തലൈവന്‍ വന്നാല്‍ വെല്ലുവിളി കൂടുമെന്ന് കണ്ടാണിത്.

vijay_politics2

2026 ലെ തിരഞ്ഞെടുപ്പ് കടുപ്പമായി മാറാനും സാധ്യതയുണ്ട്. ഇതാണ് വിജയ് യുടെ ഉപദേശകരും ചൂണ്ടിക്കാട്ടുന്നത്.

ജനപ്രിയ പദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളെ ഒപ്പം നിര്‍ത്താനാണ് ഇനി അധികാരത്തില്‍ വരുന്നവര്‍ ശ്രമിക്കുക.

അത് രജനിയായാലും സ്റ്റാലിനായാലും കമല്‍ ആയാല്‍ പോലും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക.

ഈ യാഥാര്‍ത്ഥ്യമാണ് ദളപതിയുടെ രാഷ്ട്രീയ പ്രവേശനം പെട്ടെന്നുണ്ടാകുമെന്ന അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്.

വിജയ് പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചാല്‍ ദ്രാവിഡ വോട്ടുകളും ഛിന്നാഭിന്നമാകും.

ഏത് ഭാഗത്താണ് വോട്ട് ചോര്‍ച്ച എന്നു പോലും വിലയിരുത്താന്‍ കഴിയുകയില്ല. ത്രിശങ്കു സഭക്ക് പോലും സാധ്യത കൂടുതലാണ്. തരംഗമാണെങ്കില്‍ തൂത്തുവാരാനും സാധ്യതയേറെയാണ്.

ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയും ദളപതിക്ക് കിട്ടാനാണ് സാധ്യത. ഇതാകട്ടെ ഡി.എം.കെക്കാണ് വലിയ തിരിച്ചടിയാവുക.

തൂത്തുക്കുടി വെടിവയ്പിനെ ന്യായീകരിച്ചതാണ് രജനി നേരിടുന്ന പ്രധാന വെല്ലുവിളി. സി.എ.എക്ക് അനുകൂലമായി അദ്ദേഹം നിലപാടെടുത്തതും തിരിച്ചടിയാണ്. ന്യൂനപക്ഷ വോട്ടുകളാണ് ഈ നിലപാട് മൂലം രജനിക്ക് നഷ്ടമാവുക. പുതു തലമുറയിലെ സ്വാധീന കുറവാണ് മറ്റൊരു വെല്ലുവിളി. ഒറ്റക്ക് നിന്നാല്‍ കമലിനും വെല്ലുവിളി ഏറെയാണ്.

രജനിക്കൊപ്പം കൂടിയാല്‍ ഉള്ള വോട്ടും പോകാനാണ് സാധ്യത. അണ്ണാ ഡി.എം.കെയും നിലവില്‍ പ്രതിസന്ധിയിലാണ്. രജനിക്കൊപ്പം കൂടാനാണ് നേതാക്കളില്‍ വലിയ വിഭാഗവും ആഗ്രഹിക്കുന്നത്. ബി.ജെ.പിയും രജനിക്കൊപ്പമാണ് അണിനിരക്കുക.

ഡി.എം.കെയാവട്ടെ മുന്നണിയിലെ ഘടക കക്ഷികളെ ഒരിമിച്ച് നിര്‍ത്താനാണ് ഇപ്പോള്‍ പ്രധാനമായും ശ്രമിക്കുന്നത്. ദളപതിയുമായി അനുനയത്തിനും ശ്രമം നടക്കുന്നുണ്ട്. 2021 ല്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലങ്കില്‍ ഡി.എം.കെയാണ് നേട്ടമുണ്ടാകുക.

ദളപതിയുടെ പക മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനോടും സംഘപരിവാര്‍ സംഘടനകളോടുമാണ്. സംസ്ഥാനം ഭരിക്കുന്ന അണ്ണാഡിഎംകെ സര്‍ക്കാരും വിജയ് യുടെ എതിരിയാണ്. ഈ വിഭാഗത്തിന് മേല്‍ക്കോയ്മയുള്ള ഒരു സര്‍ക്കാരിനെ വിജയ് എന്തായാലും ആഗ്രഹിക്കുന്നില്ല. മത്സരിച്ചാലും ഇല്ലെങ്കിലും ഭരണപക്ഷത്തിന്റെ പരാജയമാണ് വിജയ് ഉറപ്പ് വരുത്തുക. ഇവിടെയാണ് ഡിഎംകെയുടെയും പ്രതീക്ഷ.

ഇത്തവണ ഡിഎംകെക്ക് വിട്ടുകൊടുത്ത് 2026-ല്‍ ഒരു കൈ നോക്കാം എന്ന നിലപാടിലേക്ക് വിജയ് മാറുമെന്നാണ് സ്റ്റാലിനും കരുതുന്നത്.

അതുകൊണ്ട് തന്നെ ദളപതിയെ പ്രകോപിപ്പിക്കുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്നാണ് ഡിഎംകെ അണികള്‍ക്ക്, സ്റ്റാലിന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

‘മാസ്റ്റര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് തന്റെ നിലപാട് സംബന്ധിച്ച സൂചന വിജയ് വ്യക്തമാക്കാന്‍ പോകുന്നത്. അതിനായാണ് തമിഴകവും ഇപ്പോള്‍ കാത്തിരിക്കുന്നത്.

Staff Reporter

Top