തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ച് വിജയ് ആരാധകര്‍; വന്‍ മുന്നേറ്റം

ചെന്നൈ: രാഷ്ട്രീയം സംബന്ധിച്ച് നടന്‍ വിജയ് കനത്ത മൗനം പാലിക്കുമ്പോഴും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന് തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം. ഒക്ടോബര്‍ 12ന് പ്രഖ്യാപിക്കപ്പെട്ട തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒന്‍പത് ജില്ലകളിലായി 59 ഇടത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 6നും 9നുമാണ് തമിഴ്‌നാട്ടിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 27003 പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ എല്ലാം വിജയ് ഫാന്‍സ് വിജയിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിക്കുന്നത്.

46 പേര്‍ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചതായും ദളപതി വിജയ് മക്കള്‍ ഇയക്കം അറിയിച്ചു. ഒക്ടോബര്‍ ആദ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കാനും, പ്രചരണത്തിന് വിജയ് ഫോട്ടോ ഉപയോഗിക്കാനും അനുമതി ലഭിച്ചുവെന്നാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

എന്നാല്‍ അടുത്തിടെ രാഷ്ട്രീയ രൂപത്തില്‍ വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് അത് പിരിച്ചുവിട്ടിരുന്നു. ഇതില്‍ അച്ഛനും മറ്റ് ഭാരവാഹിക്കള്‍ക്കുമെതിരെ ഹര്‍ജിയും വിജയ് നല്‍കിയിരുന്നു.

 

Top