നിലത്തുനിന്നു ചോറു വാരിക്കഴിച്ച് വിജയ് ആരാധകർ ; ‘ബിഗില്‍’ മെഗാ റിലീസ് നാളെ

കേരളത്തിലെ വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ബിഗില്‍’ നാളെ റിലീസ് ചെയ്യും. അഡ്വാന്‍സ് ബുക്കിങിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ എല്ലായിടത്തും തീര്‍ന്നു. ഇരുന്നൂറ് തിയേറ്ററുകളില്‍ ഒക്ടോബര്‍ 29 വരെയുള്ള ടിക്കറ്റുകള്‍ വിറ്റുപോയതായാണ് വിവരം. തമിഴ്നാട്ടില്‍ മാത്രം 600 സ്‌ക്രീനിലും ലോകമൊട്ടാകെ നാലായിരത്തോളം സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്യുക.

ഇഷ്ട താരങ്ങളോടുളള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഏതറ്റംവരെയും പോകുന്ന ആരാധകര്‍ നിരവധിയുണ്ട്. ഇഷ്ട താരങ്ങളുടെ സിനിമ വിജയിക്കാനായി പൂജകള്‍ ചെയ്യുക, തല മൊട്ടയടിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ‘ബിഗില്‍’ യാതൊരു തടസവും ഇല്ലാതെ റിലീസ് ചെയ്യാനായി ‘മണ്‍ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് ആരാധകര്‍.

പാത്രത്തിനു പകരം നിലത്ത് ചോറു വിളമ്പി കഴിക്കുന്നതാണ് ഈ ചടങ്ങ്. മൈലാടുതുറയിലെ ശ്രീ പ്രസന്ന മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ആരാധകര്‍ ചടങ്ങ് നിര്‍വഹിച്ചത്. വിജയ്യുടെ ഫോട്ടോയും കയ്യില്‍ പിടിച്ച് നിലത്തു വിളമ്പിയ ചോറു വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12-ാം തീയതി റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യൂടൂബില്‍ മാത്രം ഏഴ് മണിക്കൂറിനുള്ളില്‍ ഒരുകോടി ആളുകളാണ് കണ്ടത്.

എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനു മുമ്പ് തന്നെ സിനിമയുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് ഏറ്റെടുത്തിരുന്നു. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നു സ്വന്തമാക്കിയത്.

Top