‘ഖുഷി’യുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് വിജയ് ദേവെരകൊണ്ടയുടെ ഒരു കോടി

വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖുഷി’.ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് വിജയ് ദേവെരകൊണ്ട. ‘ഖുഷി’യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴിതാ താരം വന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ‘ഖുഷി’യുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

താരം ഒരു ലക്ഷം വീതം തന്റെ പ്രതിഫലത്തില്‍ നിന്ന് 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നത്. വിജയ് ദേവെരകൊണ്ടയുടെ നായികയായി എത്തിയത് ചിത്രത്തില്‍ സാമന്ത ആയിരുന്നു. ശിവ നിര്‍വാണയായിരുന്നു ചിത്രത്തിന്റെ സംവിധാാനം.

ഫീല്‍ഗുഡ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ഖുഷി’. തമാശയ്ക്കും പ്രധാന്യം നല്‍കിയിരിക്കുന്നു ‘ഖുഷി’യില്‍. മണിരത്‌നം, എ ആര്‍ റഹ്മാന്‍, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറന്‍സും ‘ഖുഷി’യില്‍ വര്‍ക്കായിരിക്കുന്നു. നായകന്‍ വിജയ് ദേവെരകൊണ്ടയുടെ കോമഡികളും ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. സാമന്തയും ‘ആരാധ്യ’ എന്ന കഥാപാത്രം ചിത്രത്തില്‍ മികവുറ്റതാക്കി. ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. കശ്മീര്‍ അടക്കമുള്ള മനോഹരമായ സ്ഥലങ്ങളില്‍ ‘ഖുഷി’ ചിത്രീകരിച്ചപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മുരളി ജി ആണ്. ‘ഹൃദയം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബ് വിജയ് ദേവരെകൊണ്ടയുടെ ‘ഖുഷി’യിലെ പാട്ടുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയം സമ്പാദിക്കുന്നു.

Top