17,000 കുടുംബങ്ങള്‍ക്ക് സഹായമായി വിജയ് ദേവരകൊണ്ട ഫൗണ്ടേഷന്‍

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിരവധി കുടുംബങ്ങളാണ് അന്നന്നത്തെ അന്നത്തിനായി സഹായം തേടുന്നത്. ഇപ്പോഴിതാ ഇങ്ങനെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട.

മിഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ വിജയ് ദേവരകൊണ്ട ഫൗണ്ടേഷനിലൂടെ തുടങ്ങിയ ക്ഷേമനിധിയിലേക്ക് ഇതിനായി താരം മാറ്റി വെച്ചത് 25 ലക്ഷം രൂപയാണ്. അദ്ദേഹം തന്റെ സിനിമാ സുഹൃത്തുക്കളെയും മറ്റുള്ളവരെയും ഇതിലേക്ക് സംഭാവന ചെയ്യുന്നതിനായി ക്ഷണിച്ചു. തുടര്‍ന്ന് നിരവധി സംഘടനകളും വ്യക്തികളും മറ്റു ക്ഷേമപ്രവര്‍ത്തകരും ഫണ്ടിലേക്ക് സംഭാവന ചെയ്യാനായി മുന്നോട്ട് വരികയായിരുന്നു. അങ്ങനെ 1.7 കോടി രൂപയാണ് ഫൗണ്ടേഷന്‍ ഇതിനോടകം സമാഹരിച്ചത്.

ഇതുപയോഗിച്ച് 17,000 കുടുംബങ്ങള്‍ക്കാണ് സഹായം എത്തിക്കാനായത്. ലോക്ക്ഡൗണ്‍ കാലത്ത് സഹായം എത്തിക്കുന്നതിനായാണ് താരം മിഡില്‍ ക്ലാസ് ഫണ്ട് തുടങ്ങിയത്. ദ് ദേവരകൊണ്ട ഫൗണ്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ 535 വോളണ്ടിയര്‍മാരാണ് അണിനിരന്നത്. കുടുംബങ്ങള്‍ക്ക് പച്ചക്കറിയും പലചരക്കും മരുന്നുകളും ഇവര്‍ വീടുകളില്‍ എത്തിച്ചു നല്‍കിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

ഇപ്പോള്‍ ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ജീവിതം സാധാരണ ഗതിയിലേക്ക് വന്നുതുടങ്ങിയ സാഹചര്യത്തില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം ജൂണ്‍ 2 മുതല്‍ നിര്‍ത്തിയെന്നും ഫൗണ്ടേഷന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

Top