വിജയ് ദേവരക്കൊണ്ട ചിത്രം ‘ലൈഗർ’ കേരളത്തിൽ ശ്രീഗോകുലം മൂവീസ് വിതരണം ചെയ്യും

വിജയ് ദേവരക്കൊണ്ട പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ഓ​ഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. കേരളത്തിൽ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.

പ്രശസ്ത ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഇന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം വിതരണത്തിനെടുത്ത് കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു.

പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും.

Top